ജൈവ വളർച്ചാത്വരകങ്ങൾ ഭാഗം 2

പഞ്ചഗവ്യം

പച്ചക്കറി വിളകളുടെ വളർച്ച കൂട്ടി വിളവ് വർദ്ധിപ്പിക്കുന്ന ഒരു ജൈവ ഹോർമോണായും കീട രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും പഞ്ചഗവ്യം ഉപയോഗിച്ചുവരുന്നു.
‘ഗോരസഹീനൻ കർഷകൻ അരസൻ’ എന്നാണ് പഴമൊഴി.

പശുവിന്റെ ചാണകവും മൂത്രവും പ്രയോജനപ്പെടുത്താത്ത കർഷകൻ ശരിയായ കർഷകൻ അല്ലെന്നർത്ഥം. വൃക്ഷായുർവേദം എന്ന ഗ്രന്ഥത്തിൽ പഞ്ചഗവ്യം ഉപയോഗിച്ചുള്ള കൃഷിരീതികൾ വ്യക്തമാക്കിയിട്ടുണ്ട്. ഭാരതീയർ പശുവിനെ ഒരു ദിവ്യ മൃഗമായാണ് കണക്കാക്കുന്നത്. പശുവിൽ നിന്നുള്ള അഞ്ച് ഉൽപ്പന്നങ്ങളുടെ ( പാൽ, തൈര്, നെയ്യ്, ഗോമൂത്രം, ചാണകം ) ഒരു പ്രത്യേക അനുപാതത്തിലുള്ള മിശ്രിതമാണ് പഞ്ചഗവ്യം. ഈ അഞ്ച് ഘടകങ്ങൾക്ക് പുറമെ ഇളനീർ, പൂവൻ പഴം, ശർക്കര എന്നിവകൂടെ പഞ്ചഗവ്യത്തിൽ ഉപയോഗിച്ച് വരുന്നു. ഇത് പുളിപ്പിക്കൽ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനാണ്.

സസ്യങ്ങളുടെ വളർച്ചയ്ക്ക് പ്രയോജനകരമായ ഇൻഡോർ അസറ്റിക് ആസിഡ്, ഇൻഡോൾ ബ്യൂട്ടിറിക്ആസിഡ്, സൈറ്റോകൈനിന്‍, വളർച്ച ത്വരിതപ്പെടുത്തുന്ന സൂക്ഷ്മ ജീവികളായ അസറ്റോ ബാക്ടർ , അസോസ്പൈറില്ലം,ഫോസ്‌ഫോ ബാക്ടീരിയ, രോഗപ്രതിരോധ ശേഷി നൽകുന്ന സൂക്ഷ്മ ജീവികളായ സ്യൂഡോമോണാസ്, സസ്യ വളർച്ചയ്ക്ക് ഉതകുന്ന അവശ്യമൂലകങ്ങൾ തുടങ്ങിയവ പഞ്ചഗവ്യത്തിലുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ ഘടകങ്ങൾ സസ്യ വളർച്ചയെ ത്വരിതപ്പെടുത്തുകയും രോഗപ്രതിരോധ ശേഷി നൽകുകയും ചെയ്യുന്നു.

തയ്യാറാക്കുന്ന വിധം

1. ചാണകം – 7 കി.ഗ്രാം.
2. ഗോമൂത്രം – 10 ലിറ്റർ
3. പാൽ – 3 ലിറ്റർ
4.തൈര് – 2 ലിറ്റർ
5.നെയ്യ് – 1 കി.ഗ്രാം
6.വെള്ളം – 10 ലിറ്റർ
7.കരിക്കിൻ വെള്ളം – 3 ലിറ്റർ
8. ശർക്കര – 3 കി.ഗ്രാം
9. പൂവൻ പഴം – 12 എണ്ണം

ചാണകവും നെയ്യും മേൽപ്പറഞ്ഞ അളവിൽ നന്നായി കുഴച്ച്‌ പ്ലാസ്റ്റിക് / മൺപാത്രത്തിൽ മൂടി കെട്ടിവയ്ക്കുക. ഓരോദിവസവും രാവിലെയും വൈകുന്നേരവുമായി , രണ്ടുനേരം ഇളക്കിക്കൊടുക്കേണ്ടതാണ്. മൂന്നു ദിവസത്തിനു ശേഷം ഗോമൂത്രവും വെള്ളവും ചേർക്കണം. 15 ദിവസത്തിനു ശേഷം ബാക്കിയുള്ള ചേരുവകൾ ചേർക്കാം. മൺപാത്രമോ പ്ലാസ്റ്റിക് പാത്രമോ കോൺക്രീറ്റ് ടാങ്കോ ഇതിനായി ഉപയോഗിക്കാം. 30 ദിവസത്തിനു ശേഷം പഞ്ചഗവ്യത്തിന്റെ സ്റ്റോക്ക് ലായനി തയ്യാറാകും. ഓരോ ചേരുവ ചേർക്കുമ്പോഴും എല്ലാദിവസവും മേൽപ്പറഞ്ഞ രീതിയിൽ രണ്ടു നേരം ഇളക്കിക്കൊടുക്കേണ്ടതാണ്. പാത്രത്തിന്റെ വായ്ഭാഗം കൊതുകു വലകൊണ്ടോ മറ്റോ ഈച്ച കടക്കാത്ത രീതിയിൽ മൂടിക്കെട്ടേണ്ടതാണ്. ഈ മിശ്രിതം ഉണങ്ങിപ്പോയാൽ വെള്ളം ചേർത്ത് ഉപയോഗിക്കാം.

ഉപയോഗിക്കേണ്ട രീതി

പഞ്ചഗവ്യം 3% വീര്യമുള്ള ലായനി (30 മി.ലി / ഒരു ലിറ്റർ വെള്ളം ) അരിച്ചു ഇലകളിൽ തളിച്ചു കൊടുക്കാം. പറിച്ചു നടുന്ന ചെടികൾ , നടുന്നതിനു മുൻപായി വേര് ഈ ലായനിയിൽ 15 മുതൽ 20 മിനിട്ടു വരെ മുക്കി വയ്ക്കുക. വിത്തുകൾ പാകുന്നതിനു മുൻപ് ഈ ഗാഢതയിൽ 15- 20 മിനിറ്റ് വിത്ത് പരിചരണം നടത്തുന്നത് നല്ലതാണ്. ചെടിയുടെ വളർച്ചയുടെ ആദ്യഘട്ടത്തിൽ പതിനഞ്ച് ദിവസത്തിലൊരിക്കലും, കായ്കൾ മൂപ്പെത്തുന്ന സമയത്ത് ഒരു തവണ എന്ന തോതിലും തളിച്ചു കൊടുക്കാം. പഞ്ചഗവ്യം പത്തിരട്ടി വെള്ളവുമായി നേർപ്പിച്ച്‌ ചെടികളുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കാം.

തയ്യാറാക്കിയത് :

ഡോ. പൂർണ്ണിമ യാദവ് പി. ഐ
ശ്രീമതി. മനു. സി. ആർ
ഡോ . ബിന്ദു ബി
ഡോ . നോബിൾ എബ്രഹാം
ഡോ . ബിന്ദു പൊടികുഞ്ഞ്

കൃഷിവിജ്ഞാനകേന്ദ്രം , കൊല്ലം

Leave a Reply

Your email address will not be published. Required fields are marked *