സസ്യരോഗ നിയന്ത്രണത്തിന് ട്രൈക്കോഡെർമ ഭാഗം 1 . ട്രൈക്കോഡെർമ എന്ന കർഷകമിത്രം

ട്രൈക്കോഡെർമ എന്ന കർഷകമിത്രം

സുസ്ഥിരമായ കാർഷികോത്പാദനത്തിൽ ജീവനുള്ള മണ്ണിനു വളരെയേറെ പ്രാധാന്യമുണ്ട്. മണ്ണിലെ സൂക്ഷ്മ ജീവികളുടെ പ്രവർത്തനത്തിന്റെ ഫലമായാണ് സസ്യങ്ങൾക്ക് പോഷകങ്ങൾ ലഭ്യമാക്കുന്ന പ്രക്രിയയായ ന്യൂട്രിയന്റ് സൈക്കിൾ നടക്കുന്നത്. ജൈവ വസ്തുക്കളെ അഴുകിച്ച്‌ പോഷകങ്ങൾ സസ്യങ്ങൾക്ക് വലിച്ചെടുക്കാൻ പാകത്തിൽ രൂപപ്പെടുത്തുന്നതിനു പുറമേ രോഗഹേതുക്കളായ സൂക്ഷ്മ ജീവികളെ നശിപ്പിക്കുന്ന മിത്ര സൂക്ഷ്മാണുക്കൾ മണ്ണിലുണ്ട്. ഇവയുടെ സന്തുലിതാവസ്ഥ നിലനിൽക്കുന്ന മണ്ണിൽ പ്രകൃതിദത്തമായിത്തന്നെ സസ്യ സംരക്ഷണം സാധ്യമാകുന്നു.
വിവിധ കാർഷിക വിളകൾ കൃഷി ചെയ്യുന്ന കർഷകരെ അലട്ടുന്ന പ്രശ്നമാണ് രോഗബാധകൾ. മണ്ണിൽക്കൂടി പകരുന്ന കുമിൾ രോഗങ്ങൾ മിക്കവാറും വിളകളുടെ അന്തകനാവാറുണ്ട്. ഇത്തരം രോഗങ്ങളെ പ്രതിരോധിക്കുവാനുള്ള ഒരു പ്രധാന ജൈവ ഉപാധിയാണ് ട്രൈക്കോഡെർമ എന്ന മിത്രകുമിൾ.

പ്രത്യേകതകൾ

— പച്ചനിറത്തിലുള്ള ഈ മിത്രകുമിൾ മണ്ണിലാണ് വസിക്കുന്നത്.
— കുമിൾ രോഗങ്ങളെ നിയന്ത്രിക്കുന്നതോടൊപ്പം നിമാവിരകളെയും നിയന്ത്രിക്കുന്നു.
— വിവിധ ഹോർമോണുകൾ ഉൽപ്പാദിപ്പിച്ച്‌ സസ്യങ്ങളുടെ വളർച്ച ത്വരിതപ്പെടുത്തുന്നതോടൊപ്പം,
വിളവെടുപ്പുകാലം ദീർഘിപ്പിക്കുന്നു.
— തവാരണയിലുള്ള തൈകൾ ദ്രുതഗതിയിൽ വളർച്ച പൂർത്തിയാക്കുന്നു, വിളവും സൂക്ഷിപ്പുകാലവും
വർദ്ധിപ്പിക്കുന്നു.
— സസ്യങ്ങൾക്ക് പ്രതിരോധശേഷിയും വരൾച്ചയുൾപ്പെടെയുള്ള സമ്മർദ്ദങ്ങളെ ചെറുക്കുവാനുള്ള കഴിവും
നൽകുന്നു.

ഇനങ്ങൾ

ട്രൈക്കോഡെർമ വിരിഡെ , ട്രൈക്കോഡെർമ ഹാർസിയാനം, ട്രൈക്കോഡെർമ ലോൻജി ബ്രാക്കിയേറ്റം മുതലായവ.

തയ്യാറാക്കിയത്
ശ്രീമതി. മനു. സി. ആർ, ഡോ. പൂർണ്ണിമ യാദവ് പി. ഐ, ഡോ. നോബിൾ എബ്രഹാം
കൃഷി വിജ്ഞാന കേന്ദ്രം , കൊല്ലം

Leave a Reply

Your email address will not be published. Required fields are marked *