സസ്യരോഗ നിയന്ത്രണത്തിന് ട്രൈക്കോഡെർമ ഭാഗം 2 . പ്രയോഗരീതി

ട്രൈക്കോഡെർമയെക്കുറിച്ചു ആദ്യലക്കത്തിൽ വായിച്ചല്ലോ. ഇനി അതിന്റെ പ്രയോഗരീതിയെക്കുറിച്ചറിയാം .

കൃഷി ചെയ്യുന്നതിന് മുൻപ് ട്രൈക്കോഡെർമ ജൈവവളത്തിൽ പരിപോഷിപ്പിച്ച്‌ മണ്ണിൽ ചേർക്കണം. 1-2 കി. ഗ്രാം ട്രൈക്കോഡെർമ , 10 കി. ഗ്രാം വേപ്പിൻ പിണ്ണാക്ക് , 90 കി.ഗ്രാം ചാണകപ്പൊടി എന്നിവ 25 % ഈർപ്പത്തിൽ (മിശ്രിതം കുഴഞ്ഞുപോകാനോ ഉണങ്ങിപ്പോകാനോ പാടില്ല) കൂട്ടിക്കലർത്തുക. ഈ മിശ്രിതം തണലത്ത് ഒരടി പൊക്കമുള്ള കൂനയായോ അരയടി പൊക്കമുള്ള തടമായോ കൂട്ടിയിടുക. ഇത് നനഞ്ഞ ചാക്കോ, പ്ലാസ്റ്റിക് ഷീറ്റോ, പേപ്പറോ കൊണ്ട് ആവരണം ചെയ്യുക. 4 – 5 ദിവസം കഴിഞ്ഞു മിശ്രിതം കൂട്ടിക്കലർത്തി ആവശ്യമെങ്കിൽ നനയ്ക്കുക. വീണ്ടും ആവരണം ചെയ്യുക. 3 ദിവസം കഴിഞ്ഞു നോക്കുമ്പോൾ മിശ്രിതത്തിൽ ട്രൈക്കോഡെർമയുടെ പച്ച പൂപ്പൽ വളർന്നതായിക്കാണാം.

വേപ്പിൻ പിണ്ണാക്കും ചാണകപ്പൊടിയും ട്രൈക്കോഡെർമ വളരാനുള്ള മാധ്യമങ്ങളാണ്. വേപ്പിൻപിണ്ണാക്ക് ട്രൈക്കോഡെർമയുടെ വളർച്ചയെ കൂട്ടുന്നു. ഇത് ലഭ്യമല്ലെങ്കിൽ ചാണകപ്പൊടി മാത്രമായോ മറ്റ് ജൈവവളത്തിലോ ട്രൈക്കോഡെർമ പരിപോഷിപ്പിക്കാം. പക്ഷെ അഞ്ചു ദിവസം കൂടുമ്പോൾ മിശ്രിതം ഇളക്കിമറിക്കണം. 15 ദിവസം കഴിഞ്ഞേ ഇതിൽ ട്രൈക്കോഡെർമയുടെ വളർച്ച പൂർത്തിയാകൂ.എല്ലാവിധ കമ്പോസ്റ്റുകളിലും അഴുകൽ പ്രക്രിയയ്ക്ക് ശേഷം ട്രൈക്കോഡെർമ 1-2 ശതമാനം ചേർക്കുന്നത് ഉത്തമമാണ്.
ട്രൈക്കോഡെർമ പരിപോഷിപ്പിച്ചു വളം നടീൽ മിശ്രിതത്തിലും തവാരണകളിലും പ്രധാന കൃഷിയിടത്തിലും എല്ലാ കാർഷിക വിളകൾക്കും ഉദ്യാന സസ്യങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്. ചെടികളെ ബാധിക്കുന്ന വാട്ട രോഗങ്ങൾ, വേരു ചീയൽ, കുരുമുളകിന്റെ ദ്രുതവാട്ടം, ഇഞ്ചിയുടെ ചുവടുചീയൽ, തെങ്ങിന്റെ ചെന്നീരൊലിപ്പ്‌ തുടങ്ങി മണ്ണിലൂടെ പകരുന്ന എല്ലാ കുമിൾ രോഗങ്ങൾക്കും ഇത് ഫലപ്രദമാണ്.

തയ്യാറാക്കിയത്

ശ്രീമതി. മനു. സി. ആർ, ഡോ. പൂർണ്ണിമ യാദവ് പി. ഐ, ഡോ. നോബിൾ എബ്രഹാം
കൃഷി വിജ്ഞാന കേന്ദ്രം , കൊല്ലം.

Leave a Reply

Your email address will not be published. Required fields are marked *