അപ്പോത്തിക്കിരിയാത്ര….

   ഭാരതാംബയുടെ അജീര്‍ണ്ണം മാറ്റുവാന്‍വേണ്ടി ഗുജറാത്തില്‍നിന്നും ആധുനിക വൈദ്യശാസ്ത്രത്തില്‍ വിരുതം നേടിയ ഒരു അപ്പോത്തിക്കിരിയെ ഇന്ദ്രപ്രസ്ഥത്തിലെ ആസ്ഥാന ഭിഷഗ്വരനായി ജനം തിരഞ്ഞെടുത്തു . അദ്ദേഹത്തിന്റെ വരവോടെ നെറുകയില്‍ നിന്നും പാദംവരെയുള്ള ഭാഗങ്ങളില്‍ ഓരോന്നിലായി ചികിത്സയും തുടങ്ങി. ചികിത്സാ സൌകര്യത്തിനായി വലിയ ഒരു സഹായവൃന്ദത്തെ കൂട്ടിനുകൂട്ടുകയും ചെയ്തു.
   ആസ്ഥാനത്തില്‍ ഉപവിഷ്ടനായപ്പോള്‍ ആണ് അറിയുന്നത്, താന്‍ വശമാക്കിയ വൈദ്യശാസ്ത്രംകൊണ്ട് ഭാരതത്തിന്റെ അജീര്‍ണ്ണം മാറുകയില്ല, വിദേശങ്ങളില്‍ പോയി അവിടുത്തെ ആസ്ഥാന വൈദ്യവിശാരധന്മാരുടെ പക്കല്‍നിന്നും കുറച്ചുകൂടി മേന്മയുള്ള വൈദ്യതന്റ്രങ്ങള്‍ വശമാക്കിയാലെ പറ്റുകയുള്ളൂ എന്നും, അതിനാല്‍ തന്നെ തനിക്കിഷ്ട്ടപ്പെട്ട യാത്രകളും അതിന്റെ പേരില്‍ നടക്കും എന്നുള്ള തിരിച്ചറിവും കൂടിയായപ്പോള്‍ അങ്കവും കണ്ടു താളിയും ഓടിച്ചു ഇങ്ങ്പോരാം എന്ന് കരുതി. അങ്ങനെ അദ്ദേഹം വിദേശയാത്രകളും, വൈദ്യത്തില്‍ ഉപരിപഠനവും തുടങ്ങി.
   ഏതായാലും നെറുകയായ കാശ്മീരത്തില്‍ തുടങ്ങിവച്ച ചികിത്സ മെച്ചമെന്ന് ആദ്യം വിഡ്ഢികളായ ജനം വിശ്വസിച്ചെങ്കിലും, പതിയെപ്പതിയെ അതിന്റെ അസ്കിതകള്‍ ഏറിവരികയും, ആസ്ഥാനവൈദ്യര്‍ രാജനാഥ്സിംഹന്‍ എന്ന പേരില്‍ സിംഹരാശിയുള്ള മറ്റൊരു സഹായിയെ കാഷ്മീരത്തിന്റെ ചുമതല ഏല്‍പ്പിച്ചു അവിടുന്ന് മുങ്ങി.
     അതുകഴിഞ്ഞ് ഹൃദയ ശസ്ത്രക്രിയാനടപടികള്‍ക്കായി ഇന്ദ്രപ്രസ്ഥത്തിന്റെ മാറുചൂഴ്ന്നു നോട്ടു നിരോധനം എന്ന സ്റെണ്ട്   ഇട്ടുകൊണ്ട്‌ ആദ്യപരീക്ഷണം നടത്തി നോക്കി, ആദ്യമേതന്നെ ജീവശ്വാസം കിട്ടാതെ ഭാരതം പുളഞ്ഞു. ഇതുകണ്ടുകൊണ്ട് ജി.എസ്.ടി എന്ന ബൈപാസ് ശസ്ത്രക്രിയ നടത്തുവാനായി ഹൃദയത്തിന്റെ തത്വം അരച്ചുകലക്കി കുടിച്ച അരുണന്റെ തിളക്കത്തോടെ വന്ന ജയ്റ്റിലിയെക്കൊണ്ട് ഹൃദയം വീണ്ടും കീറിമുറിച്ചു. അതും പരാജയമായപ്പോള്‍ ഇനി ചികിത്സ പാദത്തില്‍ നിന്നും തുടങ്ങാമെന്ന് വച്ചു. ഭാരതത്തിന്റെ പാദമായ കേരളത്തിലേക്ക് മുഴുവന്‍ അപ്പോത്തിക്കിരി സേനയേയുംകൂടി പറഞ്ഞയച്ചു.
കേരളമെന്ന പാദം പട്ടിണികിടന്നും, പോളിയോ ബാധിച്ചും ശുഷ്കിച്ച സോമാലിയന്‍ വംശജരുടെ നാടാണ് എന്ന ഉത്തമബോദ്ധ്യം ഉള്ളതുകൊണ്ട്, അവിടെ പണംമുടക്കി പഠിച്ച ഭിഷഗ്വരന്മാര്‍ ആവശ്യമില്ല എന്ന ധാരണയും ഉണ്ടായിരുന്നതുകൊണ്ട് കുമ്മിയടി വശമുള്ള നാട്ടുവൈദ്യനെയാണ് അവിടെ ചുമതലപ്പെടുത്തിയിരുന്നത്. അവര്‍ കണ്ട്രികള്‍ ആയതുകൊണ്ട് കണ്ട്രിമെഡിസിന്‍റെ ആവശ്യമേയുള്ളൂ എന്നും തോന്നിയിരിക്കാം.
  എന്തായാലും പാദം ഭൂക്ഷണിച്ചല്ല ഇരുന്നത് എന്നതുകൊണ്ട്‌ ആരോഗ്യം ഇല്ലാത്ത കാലുകളാണ് കേരളത്തില്‍ പരക്കെ ഉള്ളതെന്ന തെറ്റിധാരണ ഇവിടെ വന്നപ്പോള്‍ വടക്കേ ഇന്ത്യന്‍ ഗോസായിമാര്‍ക്ക് മാറിക്കിട്ടി. നമ്മുടെ പാലാക്കാരന്‍ റവ്വറുമാണിയുടെയും, പൂഞ്ഞാറ്റിലെ വിടുവായന്‍ ജോര്‍ജ്ജ് അച്ചായന്റെയും, കണ്ണൂരിലെ കൊടിയേറാത്ത കുംഭയുമായി വിരാജിക്കുന്ന കൊടിയേരിയുടെയും നൃത്തചുവടുകള്‍ കണ്ടു അവര്‍ അത്ഭുതംകൂറിപ്പോയി. അതിനെല്ലാം ഉപരിയായിട്ടു ശ്രീനാരായണന്റെ പീതവര്‍ണ്ണ വസ്ത്രത്തെയും, കൊടിയേയും, ചിന്തകളെയും മദ്യത്തില്‍മുക്കി കച്ചകപടം നടത്തുന്ന നടേശഗുരുവിന്റെ കാല്‍പ്പാദങ്ങളെ കഴുകി വെള്ളം കുടിച്ചു ബോധോദയം വരുത്തിയിട്ട് അദ്ദേഹവുമായി കിടപ്പറ പങ്കുവയ്ക്കുവാന്‍ പോയപ്പോള്‍ ആ മഹാഗുരുവിന്റെ പാദങ്ങളുടെ പ്രഹരത്തിന്റെ ശക്തി ശരിക്കും അനുഭവിച്ചും കഴിഞ്ഞുവല്ലോ.
   അപ്പോള്‍ പാദങ്ങളെ ബഹുമാനിച്ചുകൊണ്ടുവേണം ഇവിടെ ചികിത്സ നടത്തുവാന്‍. അത് നാട്ടുവൈദ്യരായ കുമ്മനത്തിനു അറിയാം. അതിനാല്‍ത്തന്നെ അപ്പോത്തിക്കിരിമാര്‍ ഇവിടെ എത്തുംമുന്‍പേ അദ്ദേഹം കാല്‍നടചികിത്സയോടു കൂടിയുള്ള യാത്രാ പരിപാടി പ്രഖ്യാപിച്ചു. നടന്നു ശീലമില്ലാത്ത കൊഴുത്ത ശരീരവും, ദുര്‍മേദസ്സ് നിറഞ്ഞ ചിന്തയുമായി വരുന്ന ഗോസായി അപ്പോത്തിക്കിരിമാര്‍ക്കും കൂടിയാണോ ഈ നടപ്പുചികിത്സ എന്നും തോന്നിപ്പോയതില്‍ ജനത്തെ കുറ്റപ്പെടുത്തുവാന്‍ കഴിയില്ല. എന്തായാലും അവരുടെ വരവോടെ കേരളത്തിലെ ഗജവീരന്മാര്‍ക്ക്‌ എഴുന്നെള്ളിപ്പില്‍ സ്ഥാനം ഇല്ലാതാകുകയും, അവര്‍ ശോഷിച്ചു കുഴിയാനകളായി കൊട്ടാരക്കരയിലെ കീഴൂട്ടുവീടിന്റെ ചുവരിന്റെ മൂലയില്‍ തളയ്ക്കപ്പെടാതെ കിടക്കുകയും ചെയ്യുന്നു.
  അങ്ങനെ കുമ്മനം വൈദ്യര്‍ യാത്രാചികിത്സ തുടങ്ങി, ആദ്യം കേന്ദ്രത്തില്‍നിന്നും മൂപ്പില്‍ വൈദ്യര്‍ പൊട്ടാത്തഅമിട്ടുമായി വന്നിറങ്ങി. നടന്നുള്ള ചികിത്സയേ ഇവിടെ ഫലിക്കുകയുള്ളൂ എന്നുള്ളതുകൊണ്ട് , തനിക്കു ബുദ്ധിമുട്ടാണ് ആ ചികിത്സാരീതി എന്നറിഞ്ഞിട്ടും അദ്ദേഹം കൃശഗാത്രനായ കുമ്മനം വൈദ്യരോടുകൂടി അല്‍പ്പം നടന്നു നോക്കി. ആദ്യം തന്നെ കഞ്ഞിയില്‍ കല്ല്‌ കടിച്ചു. ഉര്‍വശീശാപം ഉപകാരം എന്നോണം അങ്ങ് വടക്കുനിന്നും തന്റെ പ്രിയ പുത്രന്‍റെ നിലവിളി ഉയര്‍ന്നുകേട്ടു. അഴിമതിഎന്ന രോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ കിടക്കുന്ന തന്റെ മകന്റെ വിലാപംകെട്ടു ആ പിതൃഹൃദയം അങ്ങോട്ടേക്ക് പാഞ്ഞു. അങ്ങനെ കാല്‍നടചികിത്സാവിധിയില്‍നിന്നും അദ്ദേഹം മോചിതനായി.
   അമിത്ഷായുടെ വിടവുനികത്താനായി ബാലചികിത്സയില്‍ പ്രവീണ്യംനേടിയ അരയോഗിയായ ആദിത്യനാഥനെ കേട്ടിയെഴുന്നെള്ളിച്ചു. ചുവപ്പുകണ്ടു വിളറിപിടിച്ച അദ്ദേഹം ഒരു വിത്തുകാളയെപ്പോലെ കണ്ണൂരില്‍ നിന്നുകൊണ്ട് അമരിവിളിച്ചു. ഓക്സിജന്‍ കിട്ടാതെ തന്റെ ചികിത്സയില്‍ ഉണ്ടായിരുന്ന നൂറുകണക്കിന്കുട്ടികള്‍ മരണപ്പെട്ടതെല്ലാം ഒരുനിമിഷംകൊണ്ട് അദ്ദേഹം വിസ്മരിച്ചുപോയി. രാഷ്ട്രീയകൊലപാതകത്തില്‍ മരിച്ച ബലിദാനികള്ളെ ഓര്‍ത്തു കണ്ണീര്‍പൊഴിച്ച്. അപ്പോളും അരയോഗിയുടെ ആശുപത്രിയില്‍ ഓക്സിജനുപകരം ഗോമാതക്കളെ ഐ.സി.യു യുണിറ്റില്‍ കെട്ടിയിടുന്ന തിരക്കിലായിരുന്നു മറ്റു കാവിയുടുത്ത മുറിയോഗികള്‍.
 അടുത്ത ഊഴം ഒരു ലേഡിഅപ്പോത്തിക്കിരിയുടേത് ആയിരുന്നു. അവര്‍ ഒരു ഐ സ്പെഷ്യലിസ്റ്റ് ആയി അങ്ങ് വടക്ക് വാണിരുന്ന ഒരാളാണ് . അവരും പാദചികിത്സയില്‍ തന്റെ നിഗമനങ്ങള്‍ എഴുന്നെള്ളിക്കുവാനയിരുന്നു എത്തിയത്. ഇവിടുത്തെ കമ്മ്യൂണിസ്റ്റ്കളുടെ കണ്ണുകള്‍ ചുഴുന്നെടുത്തു രസായനം വച്ചു ഭാരതാംബയ്ക്ക് കൊടുത്താലേ ഫലംകിട്ടുകയുള്ളൂ എന്നോരറിയിപ്പ്‌ ആയമ്മ കൊടുത്തു. എന്തായാലും കേരളമെന്ന ഭാരതത്തിന്റെ പാദത്തില്‍ നടത്തിയ മുറിവൈദ്യം പാതിവഴിക്കുവച്ചുതന്നെ പരാജപ്പെട്ടതായി അപ്പോത്തിക്കിരിമാര്‍തന്നെ രഹസ്യമായി സമ്മതിച്ചു കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ കാല്‍ വിണ്ടുകീരിയും തുടങ്ങി, പുതിയ ആണികള്‍ പൊന്തിവരുവാനും തുടങ്ങി…..ഇത് കേരളമാണ് ഗോസ്സായി അപ്പോത്തിക്കിരിമാരെ. ഇവിടെ ലക്ഷണത്തിന് ചികിത്സിച്ചിട്ടു ഒരു കാര്യമില്ല, രോഗകാരണത്തിന് ചികിത്സ പഠിച്ചിട്ട് നിങ്ങള്‍ വരൂ….അതുവരെ ഭാരതം ഉണ്ടെങ്കില്‍…നിങ്ങള്‍ക്കു ചികിത്സിക്കുവാന്‍ ഞങ്ങള്‍ ഒരവസരം തരാം…
 ബിജു നാരായണന്‍

Leave a Reply

Your email address will not be published. Required fields are marked *