ശ്രീപാർവ്വതിയുടെ പ്രണയോപാസനയിലൂടെ…….

പ്രണയസാക്ഷാത്കാരത്തിനായി അഗ്നിപരീക്ഷകളെ അതിജീവിച്ചവളാണ് പുരാണത്തിലെ ശ്രീപാർവ്വതി. ഒരേസമയം പരാശക്തിയും അർദ്ധനാരിയുമായി പൂർണ്ണപുരുഷനെ അവൾ പകുത്തു. എഴുത്തുകാരി ശ്രീപാർവ്വതിയുടെ കാര്യത്തിലും ഇത് ശരിയാണ്. പ്രണയമൊഴിഞ്ഞ് ശ്രീപാർവ്വതിക്ക് എഴുത്തില്ല. മാംസനിബദ്ധമല്ലാത്ത രാഗങ്ങൾ ‘ശ്രീ’യുടെ വിരൽത്തുമ്പിൽ അക്ഷരങ്ങളായി ഉരുവപ്പെടുമ്പോൾ ധ്യാനവും മോക്ഷവുംആത്മാന്വേഷണവുമെല്ലാം പ്രണയവഴികളിലൂടെയാണ്. പ്രണയം പാർവ്വതിയും പാർവ്വതി പ്രണയവുമാവുന്ന സുന്ദരനിമിഷങ്ങൾ. ഏറ്റവുമൊടുവിൽ ശ്രീപാർവ്വതിയുടെ മീനുകൾ ചുംബിക്കുന്നു എന്ന നോവൽ പുറത്തുവന്നിരിക്കുന്നു. പ്രണയോപാസനയ്ക്കിടയിൽ അൽപ്പനേരം ശ്രീപാർവ്വതി മനസുതുറക്കുന്നു.

1. ഓൺലൈൻ രംഗത്തെ സജീവസാന്നിധ്യമാണ് ശ്രീപാർവ്വതി. ആദ്യമായാണ് ഒരു നോവൽ എഴുതുന്നതും പുറത്തിറങ്ങുന്നതും. ഓൺലൈനിൽ നിന്നും മുഖ്യധാരയിലേക്കുള്ള ഈ മാറ്റത്തെ എങ്ങനെ നോക്കിക്കാണുന്നു?

എന്റെ ആദ്യത്തെ ലേഖനം പബ്ലിഷ് ചെയ്ത വന്നത് ഭാഷാപോഷിണിയിലായിരുന്നു. ഒരുപക്ഷെ ഓൺലൈൻ എഴുത്ത് തുടങ്ങുന്നതിനും മുൻപ്. പക്ഷെ പിന്നീട് കൂടുതൽ സൗഹൃദങ്ങൾ ഓൺലൈനിൽ ആയതിനാൽ അവരുടെ ആവശ്യപ്രകാരം ഓൺലൈനിലേയ്ക്ക് മാറി. ആ സമയത്ത് തന്നെ ‘വർത്തമാനം’ പത്രത്തിൽ കോളം ചെയ്യുന്നുണ്ടായിരുന്നു. അതുകൊണ്ട് ഓൺലൈൻ, അച്ചടി എന്നിങ്ങനെ വേർതിരിവൊന്നും തോന്നിയിട്ടില്ല. പക്ഷെ അച്ചടിയ്ക്കെപ്പോഴും ഒരു പ്രത്യേക ഗന്ധമുണ്ട്. ആ മണം കുട്ടിക്കാലം മുതലേ വല്ലാതെ കൊതിപ്പിക്കുന്ന ഒന്നാണ്. നമ്മൾ എഴുതുന്ന ഒന്ന് ആ മണത്തിലേയ്ക്ക് വരുമ്പോൾ അത് തരുന്ന സുഖം ചെറുതല്ല. പിന്നെ ഓൺലൈനിന്റെയും ‘മുഖ്യധാരാ’ എന്ന് നമ്മൾ ഇപ്പോൾ വിളിക്കുന്ന അച്ചടിയുടെയും വായനക്കാർ രണ്ടു തരമാണ്. ഓൺലൈനിൽ മാത്രം നിൽക്കുകയെന്നാൽ ഒരു വിഭാഗം വായനക്കാരെ മാത്രം തൃപ്തിപ്പെടുത്തുക എന്നാണ്. പക്ഷെ ഒരു എഴുത്തുകാരി എന്ന ലേബൽ വരുമ്പോൾ നമുക്ക് എല്ലാ തരം വായനക്കാരെയും കണ്ടെത്തേണ്ടതുണ്ട്. അവരുടെ അഭിപ്രായങ്ങൾ സ്വരൂപിക്കേണ്ടതുണ്ട്. പിന്നെ അച്ചടി എന്നത് പിന്നാമ്പുറത്തേയ്ക്കും ഓൺലൈൻ എന്നത് മുഖ്യധാരയിലേയ്ക്കും വരുന്ന കാലഘട്ടത്തിലേയ്ക്ക് തിരിയുമ്പോൾ എല്ലാം ഉടച്ചു വാർക്കപ്പെട്ടു കൂടായ്കയില്ല!!!

2. വർഷങ്ങൾക്കു മുന്നേയിറങ്ങിയ, പദ്മരാജന്റെ ‘ദേശാടനക്കിളി കരയാറില്ല’ പോലെയുള്ള ചിത്രങ്ങളിൽ നാം സ്വവർഗ്ഗപ്രണയത്തെക്കുറിച്ച് ചർച്ചചെയ്തതാണ്. അന്നൊന്നുമില്ലാതെ അസഹിഷ്ണുതയാണ് ശ്രീപാർവ്വതിയുടെ ‘മീനുകൾ ചുംബിക്കുന്നു’ ഇറങ്ങിയപ്പോൾ ഉണ്ടായത്. അത്രമാത്രം നമ്മുടെ സമൂഹം മാറിപ്പോയതായി തോന്നുന്നില്ലേ?

ദേശാടനക്കിളി കരയാറില്ല എന്നത് പ്രമേയത്തെ ഒന്ന് ഉരസി കടന്നു പോയതേയുള്ളൂ. ഒരിക്കലും നിർമ്മലയും സാലിയും പരസ്പരം പ്രണയത്തിലേയ്ക്ക് ആഴ്ന്നിറങ്ങി പോകുന്നില്ല. പക്ഷെ മാധവിക്കുട്ടിയുടെ ‘ചന്ദനമരങ്ങൾ’ വായിക്കുമ്പോൾ സ്വാഭാവികമായും അന്നത്തെ കാലത്തിലുള്ള സദാചാര ചിന്താഗതിക്കാർ ഉറഞ്ഞു തുള്ളിയിരുന്നു. സത്യം എപ്പോഴും തീ പോലെ പൊള്ളുന്നതും തൊട്ടാൽ അപകടം ഉണ്ടാക്കുന്നതുമാണ്. എന്ന് വച്ച് സത്യം സത്യമല്ലാതാകുന്നില്ലല്ലോ.

പെൺകുട്ടികൾക്ക് പരസ്പരം പ്രണയം തോന്നിയാൽ അതിൽ മറ്റുള്ളവർക്ക് എന്ത് ചെയ്യാനാകും. പ്രണയം എന്നത് ഏറ്റവും സ്വകാര്യമായ, രണ്ടു വ്യക്തികൾക്ക് ഇടയിൽ ഉണ്ടാകുന്ന ഒരു വൈകാരിക അനുഭവമാണ്. അതിനെ അവരുടെ വഴിക്കു വിടുക! പക്ഷെ കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ കുറച്ചു കൂടി സദാചാര ചിന്താഗതി കൂടീട്ടുണ്ടെന്നു കാണാം. സോഷ്യൽ മീഡിയയുടെ ഒക്കെ കാലമാകുമ്പോൾ മനസ്സുകൾ കുറച്ചു കൂടി ലിബറൽ ആകുന്നതിനു പകരം നമുക്ക് മാത്രം നിൽക്കാനുള്ള ഇടങ്ങൾ മാത്രമേ നമ്മൾ ഒരുക്കുന്നുള്ളൂ. മറ്റൊരാൾക്കും നിൽക്കണമെന്നോ അവർക്കും അഭിപ്രായങ്ങൾ ഉണ്ടാകുമെന്നോ ആരും മനസ്സിലാക്കുന്നതും അതിനെ ആദരിക്കുന്നതുമില്ല. എല്ലാവർക്കും അംഗീകാരം വേണം താനും. ചോദ്യം ചെയ്താലും വാർത്ത വരുമെന്നും അങ്ങനെ മുഖം പത്രത്തിൽ പെടുത്താമെന്നും വ്യാമോഹിക്കുന്നവരുമുണ്ടാകാം. പക്ഷെ ആര് തമ്മിലാണെങ്കിലും പ്രണയം അതിനെ ഒക്കെ മറികടക്കും ഉറപ്പാണ്.

3. എഴുത്തുകളിൽ അധികവും പ്രണയത്തെക്കുറിച്ചാണ്. ശ്രീപാർവ്വതിയുടെ ഊർജ്ജം പ്രണയമാണെന്ന് തോന്നാറുണ്ട് പലതും വായിക്കുമ്പോൾ. ശ്രീപാർവ്വതിയുടെ പ്രണയസപര്യയെക്കുറിച്ച് …….

പ്രണയിക്കാതെ ഒരു നിമിഷം പോലും അതിജീവനം സാധ്യമാകാത്ത അവസ്ഥയിൽ തന്നെയാണുള്ളത്. നമ്മുടെ ഓരോ വാക്കും ഓരോ പ്രവൃത്തികളും പ്രണയത്തിന്റെ ഊർജ്ജത്തിൽ നിന്നും ഉയിർ കൊള്ളുന്നതാണ്. അതിന്റെ പ്രഭാവം അപ്പോൾ തീർച്ചയായും അതിനുണ്ട്. ഒത്തിരി സങ്കടത്തിൽ ഇരിക്കുമ്പോഴോ ഒരുപാട് ആനന്ദത്തിൽ ഇരിക്കുമ്പോഴോ എനിക്ക് ഒന്നും എഴുതാൻ കഴിയാറില്ല. അത് പരമാവധി അങ്ങനെ തന്നെ ആസ്വദിക്കുക എന്നേയുള്ളൂ.

പ്രണയം എഴുതുമ്പോഴും വായിക്കുമ്പോഴും പലപ്പോഴും തോന്നും അത് അതാണല്ലോ, അല്ലെങ്കിൽ മറ്റേതാണല്ലോ… വായിക്ക പലതുമാണല്ലോ എന്നൊക്കെ. പക്ഷെ ഇതിന്റെ ഒക്കെ മുകളിൽ നിൽക്കുന്ന ഒരു തിരിച്ചറിവുണ്ട്, നമ്മൾ കണ്ടെത്തിയതൊന്നുമല്ല പ്രണയം. അതിനിയും തിരിച്ചറിയാനിരിക്കുന്നതേയുള്ളൂ, ഇനിയും അതിന്റെ ഉന്മത്തതയിലും ആത്മീയ നിലയിലും എത്തിച്ചേരാൻ ഇരിക്കുന്നതേയുള്ളൂ. പ്രണയത്തിനു രണ്ടു തലമുണ്ട്, അധീശത്വത്തിന്റെയും വിട്ടുകൊടുക്കലിന്റെയും. ശരീരത്തിന്റെ കാര്യത്തിലും മനസ്സിന്റെ കാര്യത്തിലും രണ്ടു തലത്തിൽ വച്ചും പറയാൻ കഴിയും. പ്രണയത്തിൽ രണ്ടു പേരും തങ്ങൾക്ക് മറ്റേ ആളിൽ അധീശത്വം വേണമെന്ന് ആഗ്രഹിക്കുന്നു. അതൊരു വിശ്വാസക്കുറവിന്റെ പ്രശ്നമാണ്. മനസ്സിനെ അധീനതയിലാക്കാൻ ശരീരത്തിൽ അവകാശം നേടണമെന്ന് ആഗ്രഹിക്കുന്നു. അതിനായി പ്രവർത്തിക്കുന്നു. പക്ഷെ മനസ്സും ശരീരവും ഒന്നായി ഒരേ ബിന്ദുവിൽ ചെന്ന് മുട്ടി നിൽക്കുന്ന ഒരു തലമുണ്ട്. “നീ അലഞ്ഞു നടന്നോളൂ… എവിടെപ്പോയാലും ഒരിക്കൽ നിനക്ക് ആ ബിന്ദുവിലേയ്ക്ക് തിരിച്ചെത്തണം” എന്ന് വിട്ടു കൊടുക്കലിന്റെ പ്രണയം പറയും. അതാണ് പ്രണയത്തിലെ സ്വാതന്ത്ര്യം എന്ന് പറയുന്നതും. ആ സ്വാതന്ത്ര്യം ഉള്ളിടത്ത്, എനിക്ക് പ്രണയമെന്നാൽ മനസ്സാണ്… ശരീരം പാപമാണ്… അങ്ങനെയുള്ള തെറ്റിദ്ധാരണകൾ ഒന്നുമില്ല. കാരണം ആ ബിന്ദു എന്നത് ശരീരം കടന്ന ആത്മസ്നേഹത്തിന്റെ ഒരു അവസ്ഥയാണ്. പറക്കലും തിരിച്ചെത്തലും ഒഴുകിപ്പോകലുമൊക്കെ ആ ബിന്ദുവിൽ നമ്മുടെ കേന്ദ്രം വച്ചിട്ടാവും. അതായത് പ്രണയം എന്ന അച്ചുതണ്ടിൽ നിന്നാണ് നമ്മൾ സ്വതന്ത്രമായി പറക്കുന്നതെന്നർത്ഥം . തിരികെ എത്തിയെ പറ്റൂ… അത്തരം ഒരു പ്രണയത്തിലാണ് ഞാനെപ്പോഴും. ഒരുപക്ഷെ അതിലേയ്ക്ക് എത്തിപ്പെടാൻ ഒരുപാടലഞ്ഞിട്ടുണ്ടാവണം… പക്ഷെ അതിലേയ്ക്ക് വന്നെത്തി എന്നത് ഭാഗ്യമാകാം.

4. ഭാരതീയമായ പല ബിംബങ്ങളും വരികൾക്കിടയിൽ വായിക്കാൻ കഴിയും. ഉദാഹരണമായി കാളി, കൃഷ്ണൻ, ശിവൻ തുടങ്ങിയവയെല്ലാം. ഭാരതീയദർശനങ്ങളും സനാതനധർമ്മത്തിലെ ബിംബങ്ങളും താങ്കളുടെ എഴുത്തിനെ സ്വാധീനിക്കാറുണ്ടോ?

പണ്ട് സന്ന്യാസി ആവണമെന്ന് ആഗ്രഹിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എനിക്ക് തോന്നുന്നു പലരും യാതൊരു കാര്യവുമില്ലാതെയും അങ്ങനെ ആഗ്രഹിക്കാറുണ്ട്. ആത്മീയത എന്ന അറിവ് വളരെ വലുതാണ്, അതുകൊണ്ടാവാം അതിലേയ്ക്ക് കൗതുകത്തോടെയേ നമ്മൾ നോക്കാറുള്ളൂ. എന്റെ ആത്മീയത ദൈവത്തിൽ ഊന്നിയുള്ളതായിരുന്നില്ല, പക്ഷെ തീർച്ചയായും ജനിച്ചു വളർന്ന ജീവിത രീതികളിൽ സ്വാഭാവികമായും കൃഷ്ണനും ശിവനും ഒക്കെ ഉണ്ടായി വന്നു. കൗമാര കാലത്ത് കൃഷ്ണൻ എന്ന വ്യക്തി അടുത്ത സുഹൃത്തായി തോന്നി. വലുതായപ്പോഴും കാളി എന്ന സ്ത്രീരൂപം അടുത്തിരുന്നു ഏറെ കൈപിടിച്ചു. ജീവിതത്തിൽ കാളിയെ അറിയാൻ കുറെ ശ്രമിച്ചു. ഒത്തിരി കരയുകയും ഒറ്റപ്പെടുകയും ചെയ്ത ഒരു സ്ത്രീയായി തന്നെയാണ് കാളിയെ കണ്ടെത്താൻ കഴിഞ്ഞത്. അത് തന്നെയാണ് അടുത്ത നോവലിന്റെ വിഷയവും.

ഇപ്പോൾ വന്നു കയറിയതും പാരമ്പര്യവും ആത്മീയതയും ജപവും ഒക്കെ ഉള്ള ഒരു കുടുംബത്തിലാണ്. പക്ഷെ പണ്ടേ നിഷേധി ആയതു കൊണ്ടാകും എല്ലാത്തിൽ നിന്നും അകന്നു മാറി നിൽക്കാനേ തോന്നിയിട്ടുള്ളൂ. ക്ഷേത്രത്തിൽ പോകുന്നത് അവിടുത്തെ തണുത്ത, ഭസ്മ ഗന്ധമുള്ള, നല്ലെണ്ണ ഗന്ധമുള്ള, ഭക്തിഗാനം കേൾക്കാൻ പറ്റുന്ന അന്തരീക്ഷത്തിനോട് ഭ്രാന്ത് കലർന്ന ഇഷ്ടമുള്ളതിനാലാണ്. നടയുടെ മുന്നിൽ ഒരിക്കലും കണ്ണടച്ച് പ്രാർത്ഥിക്കാറില്ല. കണ്ണ് തുറന്നു വച്ച് ഒരുങ്ങി നിൽക്കുന്ന വിഗ്രഹത്തിലേയ്ക്ക് നോക്കി നിൽക്കാൻ ഇഷ്ടമാണ്. അത് നമ്മളോട് സംസാരിക്കുന്നതു പോലെ തോന്നും. കൂടെ ഉള്ള ആരെയോ പോലെ തോന്നും. കേൾക്കുമ്പോൾ ഒരേ സമയം നിഷേധവും ദൈവത്തിൽ അടുപ്പവും ഉണ്ടെന്ന് സംശയം തോന്നാം. പക്ഷെ സത്യമാണ്, ‘സോകോൾഡ്’ പ്രാർത്ഥനകളിലും പരമ്പരാഗത രീതികളിലും ഒന്നും അടുപ്പമുള്ള ഒരാളല്ല ഞാൻ. പക്ഷെ ദൈവങ്ങളെ അരൂപികളാക്കി കൂടെ നിർത്താൻ ഇഷ്ടമാണ്. ‘അഹം ബ്രഹ്മാസ്മി’ എന്ന സംഹിതയിൽ വിശ്വസിക്കുന്നു. ഞാൻ ദൈവമാണത്രെ… എന്നിലുള്ള ദൈവീകമായ നന്മയിലും ഭ്രാന്തിലും വിശ്വസിക്കുന്നു. എന്നെങ്കിലും എല്ലാമുപേക്ഷിച്ച് ആശ്രമവാസി ആയിക്കൂടെന്നുമില്ല. ഒന്നിലും കൃത്യമായി ഉറച്ച് നിന്ന് അതുമാത്രമായി മുന്നോട്ടു പോകാൻ പറ്റുന്ന ഒരാളല്ല ഞാൻ. സ്വഭാവം പോലും ഇങ്ങനെ മാറിക്കൊണ്ടിരിക്കും.

5. സോഷ്യൽ മീഡിയയിൽ സ്ഥിരം സാന്നിധ്യമാണ് ഉണ്ണിയും ഉണ്ണിയുടെ പാർവതിയും. സുഹൃത്തുക്കളുടെ സ്വാധീനവും അവർ നൽകുന്ന പിന്തുണയും എത്രത്തോളമുണ്ട് താങ്കളുടെ ജീവിതത്തിലും എഴുത്തിലും?

സൗഹൃദം അത്രയ്ക്കൊന്നും കൊണ്ട് നടക്കാൻ പറ്റാത്ത ഒരാളാണ് ഞാൻ. അതിന്റെ സങ്കടം നന്നായുണ്ട്. പക്ഷെ ഉണ്ണി എന്നെക്കാൾ നന്നായി സൗഹൃദവും ബന്ധങ്ങളും കൊണ്ട് നടക്കുന്ന ആളാണ്. രാഷ്ട്രീയവും അതുമായി ബന്ധപ്പെട്ട എല്ലാ വിഷയവും ആൾ കൈകാര്യം ചെയ്യാറുണ്ട്. എനിക്ക് സാഹിത്യം മാത്രമേ കൈകാര്യം ചെയ്യാൻ തോന്നാറുള്ളൂ. കുറച്ചു നാൾ ജോലി ചെയ്ത സ്ഥാപനത്തിന് വേണ്ടി രാഷ്ട്രീയം എഴുതിയിട്ടുണ്ട്, പക്ഷെ അത് നൽകുന്ന മടുപ്പ് വല്ലാതെ കൊല്ലും എന്ന് തോന്നിയപ്പോഴാണ് ജോലി പോലും ഉപേക്ഷിച്ചു സാഹിത്യത്തിലേക്ക് തന്നെ മാറിയത്. സൗഹൃദത്തിൽ നിന്ന് തന്നെയാണ് ഇപ്പോൾ ഇക്കാണുന്ന ശ്രീപാർവ്വതി ഉണ്ടായത്. സത്യം പറഞ്ഞാൽ വെറും പാർവ്വതി എന്ന പേരിൽ നിന്നും ശ്രീപാർവ്വതി എന്ന എഴുത്തുകാരി ഉണ്ടായെങ്കിൽ അതിന്റെ ക്രെഡിറ്റ് ജീവിതം കാണിച്ചു കൂടെ നിൽക്കുന്ന പ്രിയപ്പെട്ടവനുള്ളത് തന്നെയാണ് . അദ്ദേഹത്തിന്റെ ജീവിതത്തിലേയ്ക്ക് കടന്നു വന്ന ശേഷമാണ് എഴുതാൻ തന്നെ തുടങ്ങുന്നത്. തന്ന പ്രോത്സാഹനവും പിന്തുണയും ഒട്ടും ചെറുതല്ല. അദ്ദേഹത്തിന്റെ പ്രണയത്തിന്റെ ഊർജ്ജവും നമ്മളെ കൊണ്ട് എന്തും ചെയ്യിപ്പിക്കും. പരസ്പരം അങ്ങനെ ഊർജ്ജമായി നിൽക്കാൻ ഞങ്ങൾക്ക് സാധിക്കുന്നുണ്ട് എന്നത് തന്നെയാണ് സത്യം. വിവാഹ ശേഷമാണ് ഞങ്ങൾ രണ്ടാളും ‘ക്രിയേറ്റിവും ആക്ടീവും’ ആയി തുടങ്ങുന്നത്. വിവാഹം കഴിക്കുമ്പോൾ രണ്ടാൾക്കും വരുമാനമോ ജോലിയോ നിലനിൽപ്പോ ഒന്നുമില്ലാത്ത അവസ്ഥയിലായിരുന്നു. അതിൽ നിന്നും ഇന്ന് കാണുന്ന അവസ്ഥയിൽ എത്തിയെങ്കിലും അത് പരസ്പരം ഞങ്ങൾ നൽകിയ പ്രണയത്തിന്റെ ഊർജ്ജം കൊണ്ട് തന്നെയാണ്. അതിൽ സൗഹൃദങ്ങൾ നൽകിയ സന്തോഷങ്ങളും പറയാതിരിക്കാനാവില്ല.
എഴുത്തിൽ എപ്പോഴും ഒപ്പം നിൽക്കുന്ന പല സുഹൃത്തുക്കളുമുണ്ട്. മനോരമ ഓൺലൈന് വേണ്ടിയാണ് ആദ്യം ഓൺലൈനിൽ എഴുതി തുടങ്ങുന്നത്. പിന്നെ മംഗളത്തിൽ … പലരും തന്ന ഊർജ്ജം ഒട്ടും ചെറുതായിരുന്നില്ല. ജോലിയുടെ കാര്യത്തിലും അവരിൽ പലരും കരുതലുമായി ഇപ്പോഴും കൂടെ നിൽക്കുന്നുണ്ട്. എഴുത്തിൽ ഇപ്പോൾ ഒരുപക്ഷെ പിന്തുണയുമായി കൂടെ നിൽക്കുന്നവരിൽ ഒരാൾ ജോയ് മാത്യു ആണ്. അദ്ദേഹവുമായുള്ള ബന്ധം വളരെ രസകരമായ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴി തുടങ്ങിയതാണെങ്കിലും ആദ്യ നോവലിന്റെ കാര്യത്തിലും തുടർന്നങ്ങോട്ടുള്ള എഴുത്തിന്റെ കാര്യത്തിലും അദ്ദേഹത്തിന്റെ കരുതൽ എപ്പോഴും കൂടെയുണ്ട്.

സാഹിത്യത്തിൽ കൂടെ നിൽക്കുന്ന മറ്റൊരാൾ ജയറാം സ്വാമിയേട്ടനാണ്. സത്യം പറഞ്ഞാൽ സാഹിത്യ വിഷയത്തിൽ പല ഉപദേശങ്ങളും അദ്ദേഹം തന്നെയാണ് നൽകുന്നത്. പുസ്തക വിഷയത്തിലാണെങ്കിലും മറ്റു എഴുത്തുകളുടെ കാര്യത്തിലും അദ്ദേഹം നൽകുന്ന കരുതൽ കൂട്ടുണ്ട്.
സൗഹൃദവും എഴുത്തുമായി ഇങ്ങനെയൊക്കെ നിരന്തരം ബന്ധപ്പെട്ടു തന്നെയാണ് കിടക്കുന്നത്.

6. എന്തൊക്കെയാണ് പുതിയ പ്രോജക്ടുകൾ?

കാളി എന്ന മിത്തുമായി ചേർന്ന് പുതിയ കാലത്തിലെ സ്ത്രീയെ വരച്ചു ചേർക്കാൻ ആഗ്രഹിച്ചിരുന്നു. അങ്ങനെ ഒരു നോവൽ ചെയ്യുന്നുണ്ട്. രാത്രി അനുഭവങ്ങളെ കൂട്ടി ചേർത്ത് കുറച്ചു കുറിപ്പുകളുടെ പുസ്തകം ചെയ്യുന്നുണ്ട്. പിന്നെ മോഹൻലാൽ കഥാപാത്രങ്ങളെ പുറത്ത് നിന്ന് നോക്കി കണ്ട പ്രണയിക്കുന്ന ഒരു പെൺകുട്ടിയുടെ എഴുത്ത് ഒന്നിച്ചു ചേർത്ത ഒരു പുസ്തകവും ചെയ്യുന്നുണ്ട്.

ശ്രീപാർവ്വതിയെന്ന പ്രണയനദി അവിരാമം ഒഴുകുകയാണ്. അനാദിയിൽ നിന്നും അനന്തതയിലേക്കുള്ള ഒഴുക്ക്. ആത്മാന്വേഷണത്തിന്റെ മഹാസാഗരമണയുവോളം ഈ പുഴക്ക് വിശ്രമമില്ല. ആ ഒഴുക്കിനിടയിൽ കാലം കാത്തുവച്ച ഭാവനയും ഉന്മാദവും അക്ഷരവുമൊക്കെയായി ആഴവും പരപ്പും ഓളവും തീർത്തുകൊണ്ട് ഈ പുഴയൊഴുകട്ടെ…..

അനീഷ് തകടിയിൽ

Leave a Reply

Your email address will not be published. Required fields are marked *