ഐന്‍

ഒരാളിനെ കൊന്നതുകൊണ്ട് ഒരു പ്രത്യയശാസ്ത്രത്തെ തോല്‍പ്പിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഇവിടെ ഒരു രക്തസാക്ഷിയേ ഉണ്ടാകുമായിരുന്നുള്ളൂ’ യെന്ന് എല്ലാ രാഷ്ട്രീയ  കൊലപാതങ്ങള്‍ക്കുമുള്ള മറുപടിയുമായി ഒരു ഇന്നിന്‍റെ സിനിമ – 101 ചോദ്യങ്ങള്‍ക്കു ശേഷം വീണ്ടുമൊരു അഭിമാനചിത്രം- സിദ്ധാര്‍ഥ ശിവയുടെ ഐന്‍. ‘സാഹിത്യ ബന്ധമുണ്ടായിരുന്ന’ ഉപ്പയിട്ട മുഹമ്മദ്‌ ജലാലുദ്ദീന്‍ റൂമി എന്ന പേര് താന്‍ അപ്പോഴേ ഉപേക്ഷിച്ചു എന്നു പറയുന്ന മാനു എന്ന ഒറ്റവേഷം നിറഞ്ഞാടുന്ന സിനിമ എന്നും ‘ഐന്‍’നെ വിശേഷിപ്പിക്കാം. ലക്ഷ്യബോധമില്ലാത്ത അലസനും മടിയനുമായ മാനുവായി മുസ്തഫ എന്ന നടന്‍ തന്‍റെ ഓരോ ഇമയനക്കങ്ങള്‍ പോലും അര്‍ഥവത്താക്കി അഭിനയത്തികവിന്‍റെ  പൂര്‍ണ്ണതയിലേക്ക്.
സൌദിഅറേബ്യയില്‍ മനുഷ്യന്‍റെ ‘കവുത്തറുക്കുന്ന’ ദൃശ്യങ്ങള്‍ കൂട്ടുകാരന്‍റെ മൊബൈലില്‍ കണ്ടത് വര്‍ണ്ണിക്കുന്ന , അന്നന്ന് കറി വയ്ക്കാനുള്ള ഇറച്ചി മാത്രം കൂലിയായി കിട്ടുന്ന ഇറച്ചിവെട്ടുകാരന്‍ മാനുവിനോട് അവന്‍റെ വല്യുപ്പ ചോദിക്കുന്നു; ” മാനൂ പോത്തിനെ അറുക്കുന്നതെന്തിനാ?” കറി വയ്ക്കാന്‍ എന്നു മാനുവിന്റെ മറുപടി.
” കോഴിയേയോ?” ‘അതു ബിരിയാണി ഉണ്ടാക്കാന്‍ ‘
“ആടിനെ?” ‘അത് ചാപ്സ് ഉണ്ടാക്കാന്‍’.
“അപ്പോള്‍ മനുഷ്യന്മാരെയോ?” അതിനു മറുപടിയില്ലാതെ വിഡ്ഢിച്ചിരി ചിരിക്കുന്ന മാനു പക്ഷേ കടുത്ത മത വിശ്വാസിയാണ്. ഓരോ ദിവസവും പകല്‍ നടക്കുന്ന സംഭവങ്ങള്‍ രാത്രിയില്‍ ഭീകരവും അല്ലാത്തതുമായ സ്വപ്നങ്ങളായിവന്ന് മാനുവിനെ പിന്നെയും ഭയചകിതനാക്കും. തന്‍റെ മടിയിലും പക്വതയില്ലായ്മയിലും സംരക്ഷിക്കപ്പെടെണ്ടുന്നവരുടെ ലിസ്റ്റു നീണ്ടതാണയാള്‍ക്ക്. വല്യുപ്പയുടെ നിഷ്കളങ്ക സ്നേഹത്തിലും സംരക്ഷണയിലും രണ്ടു ചെകുത്താന്മാര്‍ക്കിടയിലെ ‘മലക്കുകള്‍’ അവന്‍റെ നന്മ വേര്‍തിരിച്ചറിയുമെന്നും അവ തന്നെ കാക്കുമെന്നും വിശ്വസിക്കുന്നു.
ഇറച്ചിവെട്ടുകാരന്‍റെ  വേഷത്തില്‍ നിന്നും ‘ ബാങ്കിലൊരു പണി കിട്ടിയാലെന്ത് ഓന് പുളിക്ക്വോ?’ യെന്നാരാഞ്ഞു മാനുവിന് ഒരു എ ടി എം കൌണ്ടറിന്‍റെ  സെക്യൂരിറ്റി പണി തരമാക്കി കൊടുക്കുന്നു അമ്മാവന്‍. അന്നു രാത്രി മാനുവിന്‍റെ  പച്ചപ്പുള്ള സ്വപ്നത്തില്‍ നല്ലവനായ ബാങ്ക് മാനേജര്‍ ബാങ്കിന്‍റെ മുഴുവന്‍ പണവുമടങ്ങിയ പെട്ടിയും ചുമന്നു വന്ന് അത് മാനുവിനു കൈമാറുകയും ബാങ്കിന്‍റെ എല്ലാകാര്യവും മാനുതന്നെ നോക്കി നടത്തണമെന്നും ആവശ്യപ്പെടുകയും ചെയ്യുന്നു. പിറ്റേദിവസത്തെ സ്വപ്നത്തില്‍ പക്ഷേ ഡ്യൂട്ടിക്കിടയില്‍ ഇറച്ചി വെട്ടാന്‍ പോയതിന്‍റെ പേരില്‍ മാനുവിനെ സല്യൂട്ടോടെ പിരിച്ചുവിടുന്ന മാനേജരാണുള്ളത്. അടുത്ത പടിയായി ഒരു ബന്ധുവിന്‍റെ ഹോട്ടലില്‍ ആളെ വിളിച്ചു കയറ്റുന്ന ജോലിയായി ഹോട്ടല്‍ ബോര്‍ഡും പിടിച്ചു നില്‍ക്കുന്ന അയാളെ നാട്ടുകാരെ തീറ്റിക്കുന്ന പരിപാടി നിര്‍ത്താനാവശ്യപ്പെടുന്ന കൂട്ടുകാരനും വീണ്ടും മനസ്സിളക്കുന്നു.

തന്‍റെ രാത്രി സഞ്ചാരത്തിനിടെ ഒരു രാഷ്ട്രീയ  കൊലപാതകത്തിന് ദൃക്സാക്ഷിയാകുന്നു. സാക്ഷിയായ മാനുവിനെയും വകവരുത്താന്‍ കൊലപാതകികള്‍ പായുമ്പോള്‍ ഭയചകിതനായ അവന്‍ നാടുവിടുന്നു.
തുടര്‍ന്ന് മംഗലാപുരത്തെ ഒരു മുസ്ലീം ആരാധനാലയത്തിലെത്തുന്ന അയാള്‍ അവിടെ കട നടത്തുന്ന മലയാളിയായ ഹസ്സനെയും സൈരയെയും കണ്ടുമുട്ടുന്നു. അവരോടൊപ്പം തന്നാലാവുന്ന പണിയൊക്കെ ചെയ്ത് കൂടുന്ന മാനുവിനോട് താന്‍ മുന്നില്‍ കണ്ടത് അതുപോലെ പോലീസില്‍ പറയാന്‍ ആവശ്യപ്പെടുന്ന സൈറ കുഞ്ഞുകുഞ്ഞു നന്മകളുടെ പാഠം അയാള്‍ക്ക്‌ പഠിപ്പിച്ചു കൊടുക്കുന്നു. ‘ ങ്ങള് സുന്നിയോ മുജാഹിദോ?’ എന്ന മാനുവിന്‍റെ  ചോദ്യത്തിന് എന്ത് സുന്നിയും മുജാഹിത്തും ,എല്ലാം പടച്ചവന്‍റെ പടപ്പ്‌ തന്നെയല്ലേ എന്ന മറുചോദ്യത്തോടെ ഹസ്സനും ചെറിയ ചെറിയ കാര്യങ്ങള്‍ ചെയ്ത സന്തോഷത്തില്‍ ചന്ദ്രനെ നോക്കിയാല്‍ അവിടെ മലക്കുകളെ കാണാം എന്നുപറഞ്ഞ് സൈറയും സ്വാധീനിക്കുന്നു. ഒരു രാഷ്ട്രീയ  കൊലപാതകത്തിന്‍റെ ഇരയാണ് സൈറ യുടെ ഭര്‍ത്താവും എന്ന് മനസ്സിലാക്കുന്ന മാനു തിരികെ നാട്ടിലേക്ക് പോയി താന്‍ നേരിട്ട് കണ്ടത് പോലീസിനോട് പറയാനും ഇപ്പോള്‍ അറസ്റ്റ് ചെയ്തവരല്ല യഥാര്‍ത്ഥ പ്രതികള്‍ എന്നറിയിക്കാനും ഉറയ്ക്കുന്നു. പക്ഷേ പോലീസുകാരില്‍ നിന്നും അനുകൂലമായൊന്നും ഉണ്ടാകാതെ വരുകയും യഥാര്‍ഥ പ്രതികളുടെ ആളുകള്‍ തല്ലിച്ചതക്കുകയും ചെയ്തപ്പോള്‍ നിരാശനായ മാനു നിസ്സഹായനായി വീട്ടിലെത്തുന്നു. അപ്പോഴും തന്‍റെ എല്ലാക്കാലത്തെയും അഭ്യുദയകാംക്ഷിയായ വല്യുപ്പ കണ്ടത് തുറന്നു പറയാന്‍ ഉപദേശിക്കുന്നു.

ലോക്കല്‍ ചാനലിലെ സുഹൃത്തിന് മാനുവിന്‍റെ  വെളിപ്പെടുത്തല്‍ ഒരു സെന്‍സേഷണല്‍ ന്യൂസ് ആക്കാന്‍ തിടുക്കമായി. അവരെ വിശ്വസിക്കുന്ന മാനുവിനെ രാഷ്ട്രീയ നേതാവിന്‍റെ അവിഹിതത്തിന്‍റെ അത്ര ന്യൂസ്‌ വാല്യൂ ഇല്ല അയാളുടെ വെളിപ്പെടുത്തലുകള്‍ക്ക് എന്ന് തെളിയിച്ച് ചാനെലും നിരാശനാക്കുന്നു. രാത്രിയുടെ അന്ത്യയാമത്തില്‍ താന്‍ ദൃക്സാക്ഷിയായ കൊല നടന്ന സ്ഥലത്തെത്തുന്ന മാനു താന്‍ കണ്ടത് ഒരു പോത്തിന്‍റെ കഴുത്തറുക്കുന്നത് മാത്രമാണെന്ന് തനിയേ പറഞ്ഞു ബോധ്യപ്പെടുത്തുന്നു. തുടര്‍ന്ന് അവിടെക്കണ്ട , രാവിലെ അറുക്കാനായി കെട്ടിയിട്ടിരുന്ന കാളക്കുട്ടിയുടെ കെട്ടഴിച്ചുവിട്ടു അവനെ മോചിതനാക്കിയ സന്തോഷത്തില്‍ ചന്ദ്രബിംബത്തിനു സമീപത്തെ മലക്കുകളെ തേടുന്ന മാനുവിന്‍റെ  മുഖത്തവസാനിക്കുന്നു ക്യാമറ.
ഇരുത്തം വന്ന ശരീര ഭാഷയും മുഖഭാവങ്ങളുമായി മാനുവിനെ ഉജ്ജ്വലമാക്കിയ മുസ്തഫ എന്ന നടന്‍റെ മാത്രമാണീ സിനിമയെന്നു തന്നെ പറയാം. അത്ര തന്മയത്വമാണ് മാനുവിന്. സന്ദര്‍ഭോചിതമായ സംഗീതവും സുഖമുള്ള പാട്ടുകളുമായി നേടിയ അവാര്‍ഡുകളില്‍ ഒട്ടും അതിശയോക്തിയില്ലാതെ ‘ഐന്‍’.

ബിന്ദു ഹരികൃഷ്ണന്‍

Leave a Reply

Your email address will not be published. Required fields are marked *