പറക്കാൻ കൊതിച്ച ചിറകുകൾ ഭാഗം- 7 — വേദനിച്ചു കൊണ്ട് ചിരിക്കുന്നവർ

ദീനമായ കരച്ചിലിന്റെ ഉടമയെ അമ്മ ഒക്കത്തെടുത്തു വന്നു. ഒന്നര വയസ്സുകാരൻ അഭിജിത്. ഞങ്ങളെ ആദ്യമവൻ പകച്ചു നോക്കി. സാവകാശം കണ്ണീരിറ്റു നിൽക്കുന്ന കണ്ണുകളിൽ ശാന്തതവന്നു. കവിളിൽ തൊടാനാഞ്ഞ എന്റെ കൈവിരലിലേയ്ക്ക് അവന്റെ വലിയ കണ്ണുകളിലെ അസാമാന്യമാം വിധം വികസിച്ച കൃഷ്ണമണികൾ തിരിഞ്ഞു. പിന്നെയവൻ മുളച്ചു തുടങ്ങിയ രണ്ടു പല്ലുകൾ കാട്ടി പുഞ്ചിരിച്ചു; കാണുന്നവരെ സങ്കടപ്പെടുത്തുന്ന ആ ചിരി….

അഭിജിത്തിന്‌ ജനിച്ചന്നുമുതലെ കൊണ്ടുവരുന്നതാണ് വൈകല്യങ്ങൾ. കുഞ്ഞിന്റെ തല അസ്വാഭാവികമാം വണ്ണം വലുതായിരുന്നു. കാലുകളിലെയും കൈകളിലെയും വിരലുകൾ വേർതിരിയാതെ ഒട്ടിക്കിച്ചേർന്നിരുന്നു. ജനനസമയത്ത് ശിശുരോഗവിദഗ്ദനെ കാണിച്ചെങ്കിലും തല്ക്കാലം ഒന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞതായി പിതാവറിയിച്ചു. തികച്ചും കർഷക കുടുംബം, അച്ഛനോ കൂലിപ്പണിക്കാരനും. വിദഗ്ധ പരിശോധനയ്ക്കായി കുഞ്ഞിനെ സൗകര്യങ്ങളുള്ള ആശുപത്രിയിൽ എത്തിക്കുന്നതിനു തന്നെ കാലതാമസമുണ്ടായി.

ജില്ലാ ആശുപത്രിയിലും അവിടന്ന് നിർദ്ദേശിച്ചതനുസരിച്ചു പരിയാരം മെഡിക്കൽ കോളേജിലും ഏതാനും തവണ കുഞ്ഞിനെ കൊണ്ടുപോയതായി രക്ഷാകർത്താക്കൾ പറഞ്ഞു. ഇനിയെന്തോ വരുന്നപോലെ ആകട്ടെ എന്നതാണവരുടെ നിലപാടെന്ന് കൂടെയുള്ളവർ മുറുമുറുത്തു. ശരിയായ പരിശോധനകളോ ചികിത്സാ രീതിയോ അഭിജിത്തിന്റെ കാര്യത്തിലുണ്ടായിട്ടില്ലെന്നു ഞങ്ങൾക്കുറപ്പായി. ഒന്നര വയസ്സുള്ള കുഞ്ഞുങ്ങൾക്കുണ്ടാകേണ്ട ശാരീരിക വളർച്ചയുടെ ഒരു ഘട്ടവും അവൻ പൂർത്തീകരിച്ചതായി കണ്ടില്ല.

‘ ഈ അവസ്ഥയിലുള്ള കുഞ്ഞു പത്തുവയസ്സുവരെ എങ്കിലും ജീവിക്കുക അസാധ്യം’. കൂട്ടത്തിലുണ്ടായിരുന്ന സാമൂഹ്യ പ്രവർത്തകൻ അടക്കം പറഞ്ഞു. ഇത്തരം കേസുകളിൽ നേരിട്ട് അനുഭവമുള്ള ആളായിട്ടുകൂടി അദ്ദേഹത്തോട് യോജിക്കാനായില്ല. ‘കുഞ്ഞിന് ശരിയായ ചികിത്സകിട്ടിയാൽ അവനും എണീറ്റ് നടക്കാനാകും. അതിനാവശ്യമായ കാര്യങ്ങളാണ് ചെയ്യേണ്ടത്’. എന്തോ ഇവൻ മിടുക്കനായി എന്റെ മുന്നിൽ വരുമെന്നൊരു തോന്നൽ എന്ന് കൂട്ടിച്ചേർത്തപ്പോൾ മറുപടിപറയാതെ അദ്ദേഹം വിഷമത്തോടെ ചിരിച്ചു. കുഞ്ഞിന് എത്രയും പെട്ടെന്ന് വൈദ്യ സഹായമെത്തിക്കേണ്ടതിയന്റെ ആവശ്യകത അഭിജിത്തിന്റെ മാതാപിതാക്കളെ പറഞ്ഞു മനസ്സിലാക്കി. മെഡിക്കൽ കോളേജിലെ സ്പെഷ്യൽ ക്ലിനിക്കിൽ അവനെ കൊണ്ടുപോകാമെന്ന് അവരും സമ്മതിച്ചു.

അഭിജിത്തിന്‌ വേണ്ട സഹായങ്ങൾ എത്തിക്കാനും അവനെ ഏറ്റെടുക്കാനും അവിടെ വച്ച് തീരുമാനമായി. കൂടെ ചികിത്സാ കാര്യങ്ങളിൽ രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് പൂർണ്ണ സഹകരണവും വേണമെന്ന് പറഞ്ഞപ്പോൾ സർവ്വ നിയന്ത്രണവും വിട്ടു പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവന്റെ അമ്മ ഞങ്ങൾക്ക് നേരെ കൈകൂപ്പി. തിരികെ ഇറങ്ങുമ്പോൾ അഭിജിത്തിന്റെ അച്ഛൻ ഞങ്ങൾക്കൊപ്പം വന്നു. അവന്റെ ഇപ്പോഴുള്ള അവസ്ഥയ്ക്ക് ദൈവകോപത്തിലും മറ്റും പഴിചാരി വിടാതെ മതിയായ ചികിത്സാ മാർഗ്ഗം തന്നെ തിരഞ്ഞെടുക്കണമെന്നു പറഞ്ഞപ്പോൾ തന്റെ നിസ്സഹായത ഉറക്കെപ്പറഞ്ഞു ആ മനുഷ്യൻ വിങ്ങിപ്പൊട്ടി. ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ഞങ്ങളും…

കുറച്ചു കാലത്തേയ്ക്ക് സ്നേഹമുദ്രയ്ക്ക് അഭിജിത്തിനെ സഹായിക്കാനായി. അവന്റെ ശാരീരിക നില മെച്ചപ്പെട്ടു. നിലത്തുനിൽക്കാനും അത്യാവശ്യം നടക്കാനുമായി. ചികിത്സ മുറയ്ക്ക് നടന്നു. ഒരു സർജറിയിലൂടെ കൈകളുടെയും കാലുകളുടെയും വിരൽ വേർതിരിക്കാനാകുമെന്നു ഡോക്ടർമാർ ഉറപ്പു നൽകി. അഭിജിത്തിനേക്കാളും ദുരിതത്തിലായ അനേകം ദയനീയ മുഖങ്ങൾ ഞങ്ങൾക്ക് മുന്നിലേയ്ക്ക് വന്നപ്പോൾ , യാതൊരു സർക്കാർ സഹായവും അതുവരെയും കിട്ടാതിരുന്ന അവനെ പഞ്ചായത്തിന് കീഴിലുള്ള ബഡ്‌സ് സ്‌കൂളിലാക്കാൻ ഉത്സാഹിച്ചു. സ്നേഹമുദ്രയോട് സഹകരിച്ചിരുന്നു ബഡ്‌സ് സ്‌കൂൾ പ്രിൻസിപ്പലിന്റെ സഹായത്തിൽ കഴിഞ്ഞ അധ്യയന വർഷം മുതൽ അഭിജിത്തും സ്‌കൂൾ രജിസ്റ്ററിൽ ഇടം നേടി. പ്രസ്തുത സ്‌കൂൾ ഇന്റർനാഷണൽ പദവിയിലേക്കുയർന്നപ്പോൾ അവനും അവിടുത്തെ വിദ്യാർഥിയായി. ഇന്റർനാഷണൽ സ്‌കൂളിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടെത്തിയ മുഖ്യമന്ത്രിയോടൊപ്പം കളിപ്പന്ത് തട്ടിക്കളിക്കുന്ന അഭിജിത്തിന്റെ പടം പത്രത്താളിൽ കണ്ട നിമിഷം ഞങ്ങളും സന്തോഷിച്ചു; സ്നേഹമുദ്രയുടെ കുഞ്ഞു വാളന്റിയർക്കൊപ്പം അന്ന് വഴിയില്ലാതിരുന്നിടത്ത് വഴിവെട്ടി അഭിജിത്തിലേക്കെത്തിയ യാത്ര ഫലം കണ്ടതിൽ. വല്ലപ്പോഴും എന്നെ തേടിയെത്തിയിരുന്നു, ‘അമ്മ … അമ്മ’ എന്ന ശബ്ദം മാത്രം കേൾപ്പിക്കുന്ന ഫോൺ കോളുകൾ തരുന്ന ആശ്വാസവും…

ബിന്ദു ഹരികൃഷ്ണൻ

Leave a Reply

Your email address will not be published. Required fields are marked *