പറക്കാൻ കൊതിച്ച ചിറകുകൾ ഭാഗം-8— സാന്ത്വന സമരവുമായി പോരാളികൾ

സാന്ത്വന സമരവുമായി പോരാളികൾ

കാസറഗോഡിന്റെ അന്തരീക്ഷം, ദുരിതത്തിന്റെ കാരണമന്വേക്ഷിച്ചുള്ള പക്ഷം പിടിക്കലുകളും വാദമുഖങ്ങൾ സ്ഥിരീകരിക്കാനുള്ള തെളിവ് നിരത്തലുകളുമായി ശബ്ദമുഖരിതമാകുമ്പോഴും അവിടെ ദുരന്തം ആവർത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. അവയ്‌ക്കൊരു പരിഹാരം എന്നത് വാദങ്ങളിലേർപ്പെട്ടിരിക്കുന്ന പക്ഷങ്ങൾക്ക് കാട്ടിത്തരാനാകില്ലെന്നത് യാഥാർഥ്യം. എന്നിരുന്നിട്ടും അവരുടേതല്ലാത്ത കാരണങ്ങളാൽ കെടുതിയിലായി മനുഷ്യക്കോലങ്ങളായി മാറിപ്പോയവർക്ക് മുന്നിൽ അവരും നമ്മളെപ്പോലെ മനുഷ്യർ എന്ന തിരിച്ചറിവു പോലും കാട്ടാതെയാണ് പോരടിക്കുന്നത് .

കാരണമെന്തുതന്നെയായാലും ഇരകളാകുന്നവരുടെ അനുഭവം അവരുടേത് മാത്രമല്ല കുടുംബം ഒന്നടങ്കം അനുഭവിക്കേണ്ടി വരുന്ന ദയനീയ ചിത്രങ്ങളാണ് ഓരോ ഇടത്തും. ഒരു തെറ്റും ചെയ്യാതെ ജന്മം തീറെഴുതിയവരിലേയ്ക്ക് മാത്രമായി യാതനകളൊടുങ്ങുന്നതും കാണാമായിരുന്നു,അപൂർവ്വമായെങ്കിലും. കാരണങ്ങൾ തേടി പഠനങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോഴും അത് നാശമുണ്ടാക്കിക്കൊണ്ടു തുടരുന്നതാണ് കാസറഗോഡ് നേരിടുന്ന ദുരിതത്തിന്റെ ഏറ്റവും മോശമായ വശം.

വ്യക്തമായൊരു പ്ലാനോടുകൂടി തുടങ്ങിയ സർവ്വേ പക്ഷെ അതിൽ നിർത്തി തീർക്കാനാകുമായിരുന്നില്ല. ഇരകളെന്ന് വിശേഷിപ്പിക്കുന്നവരുടെ ദുരിതങ്ങളും സാഹചര്യങ്ങളും പ്രവർത്തനത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുവാൻ ഞങ്ങളെ നിർബന്ധിതരാക്കി. കൃത്യമായ മുന്നൊരുക്കങ്ങളിലൂടെ സർവ്വേ മുന്നോട്ടു കൊണ്ടുപോകാൻ ആകാതെയായി. അത്രയധികം ജനങ്ങൾ ഉൾപ്രദേശങ്ങളിൽ ഈ ദുരന്തത്തിൽ പെട്ടവരായുണ്ടായിരുന്നു.

ഇതിനിടയിലാണ് സെക്രട്ടറിയേറ്റ് പടിക്കലെ സമരത്തിൽ വിജയിച്ച് അവർക്കാവശ്യമായ സഹായങ്ങൾ ഉടനെകിട്ടുമെന്ന് കരുതി കാത്തിരുന്നവർ കാത്തിരിപ്പിന് ഫലമില്ലായെന്നുകണ്ട്‌ തലസ്ഥാന നഗരിയിൽ ഒത്തുകൂടി സമരം കാസർഗോഡ് മാത്രമായൊതുക്കാതെ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാൻ ആലോചിക്കുന്നത്. എന്നുകൂടി മീറ്റിംഗിൽ ഡോക്ടർമാരുൾപ്പെടെ അവർക്കിടയിൽ പ്രവർത്തിക്കുന്നവർ ആധികാരിക രേഖകളുമായെത്തി. എൻഡോസൾഫാൻ കീടനാശിനിയുടെ അശാസ്ത്രീയവും അമിതവുമായ ഉപയോഗം കാസറഗോഡിന്റെ മണ്ണിലും മനുഷ്യനിലുമുണ്ടാക്കിയ അനന്തരഫലങ്ങൾ , അതിന്റെ ഏറ്റവും മാരകമായ പ്രതിപ്രവർത്തനം തന്നെയാണെന്നവർ ഉറപ്പിച്ചു പറഞ്ഞു. അന്നവിടെ കൂടിയിരുന്നവരില്ലെല്ലാം തന്നെ അവരുടെ വാദത്തിന് ശാസ്ത്രീയ തെളിവ് നിരത്താനുണ്ടായിരുന്നു എന്നതും ശ്രദ്ധാർഹമായി. അന്നത്തെ മീറ്ററിംഗ്‌ അവസാനിക്കുമ്പോൾ വെറും കാണികളായെത്തിയ ഞങ്ങൾക്ക് മീറ്ററിംഗിൽ പങ്കെടുക്കാനെത്തിയവർക്ക് കേവലം വിശ്രമസ്ഥലമൊതുക്കി അവരിൽ നിന്നും ഒഴിഞ്ഞു നിൽക്കാനാവില്ലെന്നു മനസ്സിലായി. ഓരോരുത്തരേയും നേരിൽ കണ്ടുതന്നെയാകണം ഇനിയുള്ള പ്രവർത്തനങ്ങൾ എന്നതിനും അന്ന് തീരുമാനമായി.

 

ബിന്ദു ഹരികൃഷ്ണൻ

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *