രാമൻ മുതൽ രാമക്ഷേത്രം വരെ ഭാഗം 5

രാമനെന്ന ‘സ്‌പോൺസേർഡ് ദൈവം’- കോൺഗ്രസ്സ് വിതച്ചതും ബി.ജെ.പി. കൊയ്തതും

രാമായണത്തെക്കുറിച്ചുള്ള വിവിധ പാഠഭേദങ്ങളും വ്യാഖ്യാനങ്ങളും കഥകളിലെയും കഥാപാത്രങ്ങളിലെയും വ്യത്യാസങ്ങളും നാം മുന്നേ ചർച്ച ചെയ്തു കഴിഞ്ഞു. വിവിധ രാഷ്ട്രങ്ങളിൽ പ്രചാരത്തിലുള്ള രാമായണങ്ങളെ മാറ്റി നിർത്തി ഇന്ത്യയിലെ രാമകഥകളെ മാത്രം നിരീക്ഷിച്ചാൽ പോലും പ്രകടമായ വ്യത്യാസം കാണാൻ കഴിയും. ഉത്തരേന്ത്യക്കാർക്ക് രാമൻ വിഷ്ണുവിന്റെ അവതാരമാണ് . എന്നാൽ ദക്ഷണേന്ത്യയിൽ വലിയതോതിലുള്ള രാമപൂജ നടന്നിരുന്നില്ല. കോദണ്ഡ രാമനെക്കുറിച്ചുള്ള കീർത്തനങ്ങളൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും മറ്റ് വൈഷ്ണവ സങ്കല്പങ്ങളോടുള്ള പ്രതിപത്തി രാമനോടില്ലായിരുന്നു. കൃഷ്ണൻ, ശ്രീനിവാസൻ, നരസിംഹം തുടങ്ങിയ വൈഷ്ണവ അവതാരങ്ങളോടുള്ള കടുത്ത ആരാധന വൈഷ്ണവരുടെ ഇടയിൽ പോലും രാമനോട് കുറവായിരുന്നു. അതിനുകാരണം കമ്പരാമായണത്തിന്റെ സ്വാധീനമായിരിക്കാം. ദക്ഷിണേന്ത്യയിൽ, പ്രത്യേകിച്ച് തമിഴ്‌നാട്ടിൽ രാമനോട് പ്രത്യേക മമതയില്ലെന്നു മാത്രമല്ല പലപ്പോഴും രാവണനിൽ ഒരു ‘ഹീറോ’യെ ദ്രാവിഡ രാഷ്ട്രീയം കാണുകയും ചെയ്തു. പറഞ്ഞുവരുന്നത് ഒരു ഹിന്ദു ദൈവം എന്ന മട്ടിൽ രാമൻ ഭാരതത്തിൽ സർവ്വവ്യാപിയായിരുന്നില്ലെന്നു തന്നെയാണ്. എഴുത്തച്ഛന്റെ രാമായണം മലയാളികൾ ഭക്തിപൂർവ്വം ഏറ്റെടുത്തെങ്കിലും അമ്പാടിക്കണ്ണനോടൊ അമ്മദൈവങ്ങളോടോ ശൈവ സങ്കല്പങ്ങളോടോ ഉള്ള ഭക്തി നിറഞ്ഞ സ്നേഹം രാമനോടില്ലായിരുന്നു. എന്നാൽ രാമായണം കിളിപ്പാട്ടിനോട് ആ സ്നേഹം വേണ്ടുവോളം ഉണ്ടായിരുന്നു. മോക്ഷപ്രാപ്തിക്ക് അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് വായിച്ചാൽ മതിയെന്ന ചിന്ത മലയാളിക്കുണ്ട്. മരണസമയത്ത് രാമായണം കേൾക്കുന്നതും വായിക്കുന്നതും ഏറെ പുണ്യമായി കരുതി. സംഘപരിവാറിന്റെ സ്പോണ്സർഷിപ്പിൽ തുടങ്ങിയ കർക്കിടകമാസത്തെ രാമായണ മാസാചരണം ഇതിന്റെ ആക്കം കൂട്ടിയെന്നു വേണം കരുതാൻ.

രാമൻ ടെലിവിഷനിലേക്ക്

**************************************

 

1985 ന്റെ തുടക്കത്തിൽ രാജീവ് ഗാന്ധിയെന്ന അന്നത്തെ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ഇൻഫോർമേഷൻ ആൻഡ് ബ്രോഡ് കാസ്റ്റിംഗ് മന്ത്രിയായിരുന്ന വി.എൻ. ഗാഡ്ഗിലുമായി ദൂരദർശനിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകളെക്കുറിച്ചു സംസാരിച്ചു. ഭാരതത്തിന്റെ പുരാതന ഗ്രന്ഥങ്ങളെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും അവയെ സീരിയലുകളാക്കുന്നതിന്റെ സാധ്യതകളും ആരാഞ്ഞു. ഇതിഹാസ കാവ്യങ്ങളായ രാമായണവും മഹാഭാരതവും എത്രയും പെട്ടെന്ന് സീരിയലാക്കി സംപ്രേഷണം ചെയ്യണമെന്ന നിർദേശവും നൽകി. ദൂരദർശൻ ഇതിനായി രാമാനന്ദ് സാഗറിനെയും ബി. ആർ. ചോപ്രയെയും സമീപിച്ചു. ഈ സംഭവങ്ങളെക്കുറിച്ചുള്ള വിശദ വിവരം ഭാസ്കർ ഘോഷ് എഴുതിയ ‘ദൂരദർശൻ ഡേയ്‌സ്’ എന്ന ബുക്കിൽ ഉണ്ട്. രാമായണം ആദ്യം സംപ്രേഷണം ചെയ്യാൻ തീരുമാനമായി.

 

രാജ്യം മുഴുവൻ കൊടുങ്കാറ്റാവുന്ന തരത്തിൽ രാമായണം അവതരിപ്പിക്കാൻ ഏൽപ്പിച്ചത് രണ്ടാംകിട മസാലസിനിമകൾ മാത്രം ചെയ്തു പരിചയമുള്ള രാമാനന്ദ് സാഗറിനെ ആയിരുന്നുവെന്നത് ഏറെ കൗതുകമുണർത്തുന്നു. കൃത്യമായ ഗവേഷണമൊന്നും കൂടാതെ രാമായണത്തിന്റെ ഒരു വികലമായ രൂപമാണ് രാമാനന്ദ് സാഗർ അവതരിപ്പിച്ചത്. എന്നാൽ ഇത് ഇന്ത്യൻ ടെലിവിഷൻ രംഗത്തുണ്ടാക്കിയ ചലനങ്ങൾക്ക് നാം സാക്ഷിയാണ്. ദൃശ്യമാധ്യമ രംഗത്തെ കുതിച്ചു ചാട്ടമായിരുന്നു ഈ സീരിയൽ. ഭാരതത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളിൽ ദൃശ്യസംസ്‌കാരത്തിന്റെ കുതിച്ചുചാട്ടം തീർക്കാൻ ഇതിനായി. സംപ്രേഷണ സമയത്ത് തെരുവുകൾ വിജനമായി. ടി.വി. സീറ്റുകളുടെ മുന്നിൽ ജനം ആരതിയുഴിഞ്ഞു. ഹാരമണിയിച്ചു. വില്ലെടുത്ത ആക്രമോത്സുകനായ ‘സാഗർ രാമായണ’ത്തിലെ രാമൻ ജനങ്ങളുടെ ഹീറോ ആയി പുനരവതരിക്കുകയായിരുന്നു. രാമനോടൊപ്പം അവർ കരഞ്ഞു, ചിരിച്ചു. രാമന്റെ വിലാപങ്ങൾ ഭാരതത്തിലെ ദരിദ്രനാരായണന്റെ വിലാപങ്ങളായി. അരുൺ ഗോവിൽ അവതരിപ്പിച്ച രാമന്റെ ചിത്രം പൂജാമുറികളിൽ നിറഞ്ഞു. ധാരാസിംഗ് അവതരിപ്പിച്ച ഹനുമാൻ ബജ്രംഗബലിയുടെ ഭക്തർക്ക് ആവേശമായി. ഒരേസമയം പോസിറ്റീവും അത്രതന്നെ നെഗറ്റീവുമായ ചലനമാണ് ഈ സീരിയൽ ഇന്ത്യയിൽ സൃഷ്ടിച്ചത്. 1984 ൽ രണ്ടു സീറ്റു മാത്രം നേടി ഹിന്ദുത്വ കാർഡിറക്കി കളിയ്ക്കാൻ തുടങ്ങുകയായിരുന്നു ബി.ജെ.പി.എന്ന സംഘപരിവാർ രാഷ്ട്രീയ സംഘടനയ്ക്ക് മൈലേജ് കൂട്ടാനാണ് ഈ സംഭവങ്ങൾ കരുത്ത് പകർന്നത്. മൃദു ഹിന്ദുത്വം വിതച്ച അതുതന്നെ കൊയ്യാനിരുന്ന കോൺഗ്രസിന്റെ ആധുനിക മനസ്കനായ പ്രധാനമന്ത്രി പിന്നീട് കാണുന്നത് തഴച്ചുവളരുന്ന ഹിന്ദുത്വ വികാരവും സംഘപരിവാർ അജണ്ടയെയുമാണ്. ഒപ്പം രാമനെന്ന ദേശീയ ബിംബത്തെയുമാണ്. പതിയെപ്പതിയെ രാമൻ ഒരു ഹിന്ദുത്വ ഭാവമായി ഇന്ത്യ മുഴുവൻ പിടിച്ചെടുക്കുകയായിരുന്നു. സരയു പോലെ മൃദുലനായ രാമനു പകരം കോദണ്ഡ രാമനായിട്ടായിരുന്നു അദ്ദേഹത്തിന്റെ ഭാവം. ഇരച്ചുകയറുന്ന മസിലും കുലച്ച വില്ലുമായി പാഞ്ഞെടുക്കുന്ന രാമന്റെ ചിത്രം ഭാരതത്തിൽ വൻതോതിൽ പ്രചാരത്തിലായതും ഈ കാലത്താണെന്നു പ്രത്യേകം ഓർക്കണം. ചുരുക്കിപ്പറഞ്ഞാൽ കോൺഗ്രസ്സ് വിതച്ചത് ബി.ജെ.പി. കൊയ്തു.

തുടരും

അനീഷ്‌ തകടിയില്‍

Leave a Reply

Your email address will not be published. Required fields are marked *