മണ്ണിര കമ്പോസ്റ്റ് — അടുത്തറിയാന്‍..

ഭൂമിയുടെ കലപ്പയായും കർഷകന്റെ മിത്രമായും അറിയപ്പെടുന്ന മണ്ണിരകൾ നമ്മുടെ മണ്ണിന്റെ ജൈവാംശത്തിന്റെ അടയാളം കൂടിയാണ്. ഭൂമിയിൽ ഏകദേശം 3000 ത്തോളം വിവിധയിനം മണ്ണിരകൾ കണ്ടു വരുന്നു. ജൈവ വസ്തുക്കളെ ആഹരിക്കുന്ന മണ്ണിരകളെ ഉപയോഗിച്ചുള്ള പോഷകസമൃദ്ധമായ മണ്ണിര കമ്പോസ്റ്റ് കേവലം 45 – 60 ദിവസങ്ങൾക്കുള്ളിൽ തയ്യാറാക്കിയെടുക്കാം. ഇതിൽ ചെടിക്കാവശ്യമായ പോഷക മൂലകങ്ങൾ എളുപ്പത്തിൽ ആഗിരണം ചെയ്യുന്ന രീതിയിൽ അടങ്ങിയിട്ടുണ്ട്. സാധാരണ രീതിയിൽ കമ്പോസ്റ്റ് ഉണ്ടാക്കുവാൻ 5 – 6 മാസം വേണ്ടി വരും. മണ്ണിരയെ ഉപയോഗിക്കുമ്പോൾ ഏകദേശം രണ്ടു മാസം കൊണ്ട് കമ്പോസ്റ്റ് നിർമ്മിക്കാൻ കഴിയും. മണ്ണിര കമ്പോസ്റ്റിൽ ശരാശരി 1.5 ശതമാനം നൈട്രജൻ 0.4 ശതമാനം ഫോസ്‌ഫറസ്‌, 1.8 ശതമാനം പൊട്ടാഷ് എന്നിവ അടങ്ങിയിരിക്കുന്നു.

മണ്ണിരകൾ മൂന്നു തരം.

1. കീഴ്മണ്ണിൽ കാണുന്നവയും മണ്ണ് കൂടുതൽ ആഹരിക്കുന്നവയും 15 – 60 സെ.മി. വരെ തുരന്നു പോകുന്നവയും.

2. ഉപരിതലത്തിൽ അടിഞ്ഞു കൂടുന്ന ജൈവ വസ്തുക്കൾ ആഹരിക്കുന്നവയും മണ്ണിനുള്ളിലേക്കു തുരന്നു പോകാത്തവയും.

3. മേൽമണ്ണിൽ ( 5 – 15 സെ.മി. ആഴത്തിൽ )കാണുന്നവയും അഴുകിയ വസ്തുക്കൾ ആഹരിക്കുന്നവയും.

ഇതിൽ രണ്ടാമത്തെ വിഭാഗത്തിൽപ്പെടുന്ന മണ്ണിരകളാണ് നിർമ്മാണത്തിനുപയോഗിച്ചു വരുന്നത്.

കമ്പോസ്റ്റിന് ഉപയോഗിക്കുന്ന ഇനങ്ങൾ.

ആഫ്രിക്കൻ നൈറ്റ് ക്രോളർ എന്നറിയപ്പെടുന്ന യൂഡ്രില്ലസ് യൂജിനിയേ എന്ന ഇനം മണ്ണിര കേരളത്തിന്റെ കാലാവസ്‌ഥയ്‌ക്ക്‌ വളരെ അനുയോജ്യമാണ്. ഏകദേശം 10 – 12 സെ.മി. നീളമുള്ള ഈ ഇനം, നീല കലർന്ന കറുപ്പ് നിറത്തോടു കൂടിയതും താരതമ്യേന വണ്ണമുള്ളതുമാണ്. പ്രകാശം തട്ടുമ്പോൾ ശരീരത്തിന്റെ ഉപരിഭാഗം തിളർക്കമാർന്നും കാണപ്പെടുന്നു. ഇതിനെ കൂടാതെ ഐസിനിയ ഫെറ്റിഡാ, പെരിയോനിക്സ് സൻസിബാറിക്കസ് എന്നീ ഇനങ്ങളും ഉപയോഗിക്കാവുന്നതാണ്.

കൃഷിയിടങ്ങളിൽ കമ്പോസ്റ്റ് ഉണ്ടാക്കുന്ന രീതി.

വെള്ളം കെട്ടി നിൽക്കാത്തതും തണലുള്ളതുമായ സ്‌ഥലം വേണം ടാങ്ക് നിർമ്മാണത്തിനായി തെരഞ്ഞെടുക്കുവാൻ. 2.5 മീറ്റർ നീളവും 1 മീറ്റർ വീതിയും 30 – 45 സെ.മി. താഴ്ച്ചയുമുള്ള ടാങ്കുകൾ നിർമ്മിക്കുക. ആഴം യാതൊരു കാരണവശാലും മാറരുത്. ടാങ്കിൽ വീഴുന്ന അധിക ജലം ഒഴുകി പോകുന്നതിന് ഒരു ഭാഗത്ത് 1 – 1.5 സെ.മി. വ്യാസത്തിലുള്ള പ്ലാസ്റ്റിക് കുഴൽ 15 – 20 സെ.മി. നീളത്തിൽ മുറിച്ചു ഘടിപ്പിക്കണം. ഉറുമ്പിന്റെ ശല്യം തടയാൻ വേണ്ടി, ടാങ്കിനു ചുറ്റും 5 സെ.മി. വീതിയിലും 2.5 സെ.മി. താഴ്ച്ചയിലും ഒരു ചാല് നിർമ്മിക്കണം. ടാങ്കിനെ വെയിലിലും മഴയിലും നിന്ന് സംരക്ഷിക്കാൻ ഒരു മൂടി ഉണ്ടാക്കണം. എലിയുടെ ശല്യം ഒഴിവാക്കാൻ ചിക്കൻ മെഷ് അഥവാ കമ്പി വല ടാങ്കിന്റെ മുകൾഭാഗത്ത് വിരിയ്ക്കണം. പുതുതായി സിമന്റ് ചെയ്തതാണെങ്കിൽ നന്നായി കഴുകി വൃത്തിയാക്കി, വെള്ളം നിറച്ചു നിർത്തി ഒരാഴ്ച കഴിഞ്ഞ് മാത്രം കമ്പോസ്റ്റിംഗിനായി ഉപയോഗിക്കുക.
വെള്ളം വാർത്തുകളഞ്ഞശേഷം ഒരു വരി തൊണ്ട് മലർത്തിയിടുക. ചെറിയ വിരകൾക്ക് പറ്റിയിരിക്കാനും വെള്ളം കെട്ടിനിൽക്കാതിരിക്കാനും ഇത് സഹായിക്കും. തൊണ്ട് നന്നായി നനച്ചശേഷം ജൈവാവശിഷ്ടങ്ങളും ചാണകവും 8 കുട്ടയ്ക്ക് ഒന്ന് എന്ന അനുപാതത്തിൽ കലർത്തി ടാങ്കിൽ നിക്ഷേപിക്കുക. ഉപരിതലത്തിൽ നിന്നും 30 സെ.മീ. ഉയരത്തിൽ വരെ അവശിഷ്ടങ്ങൾ നിക്ഷേപിക്കാം. അഴുകുന്ന എല്ല്ലാ ജൈവാവശിഷ്ടങ്ങളും (കരിയില, വാഴത്തട തുടങ്ങിയവ ഇതിനായി ഉപയോഗിക്കാം. അധികം എരിവും പുളിയും എണ്ണമയമുള്ളതുമായ ഭക്ഷ്യാവശിഷ്ടങ്ങൾ ഒഴിവാക്കുക.) ഇതിനു ശേഷം ജൈവാവശിഷ്ടങ്ങൾ അഴുകുവാനുള്ള സമയം അനുവദിക്കണം. പച്ചചാണകവും ജൈവാവശിഷ്ടങ്ങളും അഴുകുന്നതിന്റെ ആരംഭഘട്ടത്തിലുണ്ടാകുന്ന ചൂട് മണ്ണിരയ്ക്ക് ദോഷകരമാകുന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. പത്തു ദിവസം കഴിയുമ്പോൾ ടാങ്കോന്നിന് 500 മുതൽ 1000 മണ്ണിരകളെ വരെ നിക്ഷേപിക്കാം. ശേഷം ടാങ്ക് തെങ്ങോല / ചണച്ചാക്കിട്ടു മൂടുക. ടാങ്കുകളെ വെയിലിൽ നിന്നും മഴയിൽ നിന്നും സംരക്ഷിക്കുവാൻ വേണ്ടി ഷെഡ്ഡുകൾ കെട്ടണം. ആവശ്യാനുസരണം കുഴിക്കുള്ളിൽ വെള്ളം തളിച്ച് കൊടുക്കുക. വായു സഞ്ചാരം ഉറപ്പാക്കുവാൻ ആഴ്ചയിലൊരിക്കൽ ഇളക്കിക്കൊടുക്കണം. ഏകദേശം 45 – 60 ദിവസം കഴിയുമ്പോൾ അവശിഷ്ടങ്ങൾ കറുത്ത് പൊടിഞ്ഞു മണ്ണിര വളമാകും. ചാണകവും അഴുകിയ ജൈവ അവശിഷ്ടങ്ങളും തുല്യ അനുപാതത്തിൽ ഒരു ടാങ്കിലോ തടിപ്പെട്ടിയിലോ ബക്കറ്റിലോ എടുത്ത് നന്നായി കലർത്തിയ ശേഷം 10 കിലോ അവശിഷ്ടത്തിന് 50 മണ്ണിരകൾ എന്ന തോതിൽ നിക്ഷേപിച്ച ശേഷം ചണച്ചാക്കു കൊണ്ട് മൂടുക. തുടർന്ന് തണലിൽ സൂക്ഷിക്കുക. ഇടയ്ക്കിടയ്ക്ക് ആവശ്യത്തിന് നന കൊടുക്കുക. രണ്ടു മാസം കൊണ്ട് നിരവധി ഇരട്ടിയായി മണ്ണിര വർദ്ധിച്ചിരിക്കും.
( തുടരും )
തയ്യാറാക്കിയത്
ഡോ. പൂർണ്ണിമ യാദവ് പി.ഐ,
മനു സി.ആർ,
ഡോ. നോബിൾ എബ്രഹാം.
കൃഷി വിജ്ഞാന കേന്ദ്രം, കൊല്ലം.

Leave a Reply

Your email address will not be published. Required fields are marked *