രാമൻ മുതൽ രാമക്ഷേത്രം വരെ —–അവസാന ഭാഗം

തകർക്കലും തളിർക്കലും

1984 ൽ രണ്ടു പാർലമെന്റ് അംഗങ്ങൾ മാത്രമായിരുന്ന ഭാരതീയ ജനതാപാർട്ടിയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടിയത് വിശ്വഹിന്ദു പരിക്ഷത്തിന്റെ നേതൃത്വത്തിൽ നടന്ന രാമജന്മഭൂമി പ്രക്ഷോഭവും എൽ.കെ.അദ്വാനി നയിച്ച രഥയാത്രയുമാണ്. ഭാരതമൊട്ടാകെ രാമക്ഷേത്രത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാക്കുന്നതിനും അയോദ്ധ്യ രാമജന്മഭൂമിയാണെന്നും അത് സംരക്ഷിക്കേണ്ടത് ഹിന്ദുക്കളുടെ ‘ധർമ്മ’മാണെന്നും സ്ഥാപിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും അദ്വാനി വിജയിച്ചു. 1992 ഡിസംബർ ആകുമ്പോഴേക്കും ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർസേവകർ യു.പി.യിലേക്ക് വണ്ടി കയറി. ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടുകളെ നരസിംഹറാവുവിന്റെ സർക്കാർ അവഗണിച്ചു. ഡിസംബർ 6 ഞായറാഴ്ച രാവിലെ എൽ.കെ.അദ്വാനിയും കൂട്ടരും വിനയ് കത്യാരുടെ വീട്ടിൽ ഒത്തുകൂടുകയും തർക്കമന്ദിരത്തിനു സമീപത്തേക്കു പോവുകയും ചെയ്തു. അദ്വാനിയും മുരളി മനോഹർ ജോഷിയും രാമകഥാകഞ്ചിന്റെ 200 മീറ്റർ അടുത്തെത്തി.

ഉച്ചയ്ക്ക് ഒരു കർസേവകൻ തർക്കമന്ദിരത്തിന്റെ മുകളിൽ കയറി. കർസേവകരോട് അങ്ങോട്ടേയ്ക്ക് പ്രവേശിക്കരുതെന്നോ മന്ദിരം തകർക്കരുതെന്നോ നേതാക്കളാരും പറഞ്ഞില്ല. ഇന്റലിജൻസ് ബ്യുറോയിലെ ഉദ്യോഗസ്ഥനായിരുന്ന കൃഷ്ണധർ 2005 ൽ എഴുതിയ പുസ്തകത്തിൽ തർക്കമന്ദിരം തകർക്കൽ പത്തുമാസം മുന്നേ ആസൂത്രണം ചെയ്തതാണെന്നും പ്രധാനമന്ത്രി നരസിംഹറാവുവിന് ഇക്കാര്യങ്ങൾ വ്യക്തമായി അറിയാമായിരുന്നുവെന്നും പറയുന്നു. കോൺഗ്രസ്സ് സർക്കാരിന്റെ ഈ നിശ്ശബ്ദതയിലെ രാഷ്ട്രീയ മുതലെടുപ്പ് മനസിലാക്കാൻ ഏറെ പ്രയാസമുണ്ടാവില്ല. തകർക്കപ്പെട്ടത് ഭാരതത്തിൽ ഏറ്റവും കൂടുതൽ തർക്കം നിലനിന്നിരുന്ന മന്ദിരവും അതിലൂടെ തളിരിട്ടത് ന്യൂനപക്ഷ ഭൂരിപക്ഷ വർഗീയതയുമാണ്. 1992 ഡിസംബർ ആറിലെ ബാബ്‌റി മസ്ജിദ് ധ്വംസനവും അയോധ്യയിലെ കലാപവും അന്വേഷിക്കുന്നതിന് മുൻ ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് മൻമോഹൻ സിംഗ് ലിബർഹാൻ മേധാവിയായി കമ്മീഷനെ രൂപീകരിച്ചു. ഇതാണ് ലിബർഹാൻ കമ്മീഷൻ എന്നറിയപ്പെട്ടത്. 17 വർഷങ്ങൾക്കു ശേഷം 2009 ജൂൺ 30നാണു കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിൽ ആർ.എസ് .എസിനെ മസ്ജിദ് ധ്വംസനത്തിന്റെ മുഖ്യ ആസൂത്രകരായും നരസിംഹറാവുവിനെ നിരപരാധിയായും ചിത്രീകരിക്കുന്നു. പ്രശ്നം പ്രകോപനകരമാക്കിയതിൽ മുസ്‌ലിം സംഘടനകളുടെ പങ്കിനെക്കുറിച്ചും പറയുന്നുണ്ട്. ഈ റിപ്പോർട്ടുണ്ടാക്കാനായി ഭാരതസർക്കാർ പൊടിച്ചുതീർത്തത് 6.5 കോടി രൂപയാണ്. ഇന്ത്യൻ മതേതരത്വത്തിനേറ്റ പ്രഹരത്തിനു ലിബർഹാൻ ഇട്ട വില!

കമ്മീഷന്റെ പ്രധാന കണ്ടെത്തലുകൾ ഇവയാണ്.

* സംഘപരിവാർ സംഘടനകളായ ആർ. എസ്.എസ്, വി.എച്ച്.പി, ശിവസേന എന്നിവയുടെ മുഴുവൻ മുൻനിരനേതാക്കളും രാജ്യത്തെ വർഗീയമായി വിഭജിച്ചു.

* ഇന്ത്യാവിരുദ്ധരെന്നും ദേശീയ വിരുദ്ധരെന്നും മുസ്ലീങ്ങളെ മുദ്രകുത്തുമ്പോൾ ഫലപ്രദമായി അതിനെ പ്രതിരോധിക്കുന്നതിലും അല്ലെന്നു സ്ഥാപിക്കുന്നതിലും മുസ്‌ലിം നേതാക്കൾ ഒന്നും ചെയ്തില്ല.

* അന്നത്തെ പ്രധാനമന്ത്രിയായ നരസിംഹറാവുവിന് സംഭവത്തിൽ ഉത്തരവാദിത്തമില്ല.

* അയോദ്ധ്യ പ്രചാരണ പരിപാടിക്ക് ഹിന്ദുക്കളടങ്ങുന്ന പൊതുജനങ്ങളുടെ പൂർണ്ണ മനസോ പിന്തുണയോ ഉണ്ടായിരുന്നില്ല.

* എൽ.കെ.അദ്വാനിയുടെ രഥയാത്ര ജനങ്ങളെ ഭാഗീകമായി വിഭജിക്കുന്നതിൽ വലിയ പങ്കു വഹിച്ചു.

*കർസേവയുടെ ഭാഗമായി മസ്ജിദ് തകർത്തത് ആസൂത്രിതമായിരുന്നു. പെട്ടെന്ന് സംഭവിച്ചതല്ല. ഇതിനായി പണം സമാഹരിക്കുകയും അത് കൈകാര്യം ചെയ്യുകയും ചെയ്തു. മുൻനിര നേതാക്കളുടെ ബാങ്ക് അക്കൌണ്ടുകൾ വഴിയായിരുന്നു ഈ പണം കൈമാറിയത്.

 

അയോധ്യാ പ്രക്ഷോഭവും ബാബ്‌റി മസ്ജിദ് തകർക്കലും കഴിഞ്ഞ് വർഷങ്ങൾ കടന്നുപോയിട്ടും ഇന്നും അതിന്റെ അലയടികൾ തീർന്നിട്ടില്ല. ഇതിനെല്ലാം നേരിട്ടോ അല്ലാതെയോ രാമനെന്ന ബിംബത്തെ ഉപയോഗിക്കുകയായിരുന്നു. സ്വാഭാവികമായും അയോദ്ധ്യ അതിന്റെ കേന്ദ്ര ബിന്ദുവായിമാറി. വിട്ടുവീഴ്ചക്ക് ഇരുപക്ഷവും ഇതുവരെയും തയ്യാറായിട്ടില്ല. ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ വിദേശമാധ്യമങ്ങളും ചില ഇന്ത്യൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത് ഈ മസ്ജിദ് ലോകമുസ്ലീങ്ങൾക്ക് ഏറ്റവും വിശേഷപ്പെട്ട നാല് മസ്‌ജിദുകളിൽ ഒന്നാണെന്നാണ്. മക്ക, മദീന, ഇസ്രായേലിലെ ബൈത്തുൽ മുഖാബ്‌ദിസ് തുടങ്ങിയ ആരാധനാലയങ്ങളുടെ ഗണത്തിലാണത്രേ ബാബ്‌റി മസ്ജിദും പെടുന്നത്. മുസ്‌ലിം വികാരം ഉണർത്തുന്നതിനും ഇന്ത്യയിൽ മുസ്ലീങ്ങൾ സുരക്ഷിതരല്ലെന്നു വരുത്തി തീർക്കാനുമുള്ള ബോധപൂർവമായ ശ്രമമായിരുന്നു ഇത്തരം റിപ്പോർട്ടുകൾ. രാമനും റഹ്‌മാനും ഒന്നുതന്നെയെന്നു പാടിയ കബീറിന്റെ പരമ്പരയിലേക്കും സൂഫികളിലും ദർഗകളിലും ആത്മീയത ദർശിക്കുന്നവരുടെ ഇടയിലേക്കുമാണ് ഇത്തരം വിഷവിത്തുകൾ വിതച്ചതെന്നു പ്രത്യേകം ഓർക്കണം. വിട്ടുവീഴ്ച ചെയ്യാൻ ഹിന്ദുക്കളും മുസ്ലീങ്ങളും തയ്യാറാവും. പക്ഷെ അവരെ വോട്ടാക്കുന്നവർ തയ്യാറാവില്ല. കാരണം അയോധ്യയിലെ തർക്കം പരിഹരിക്കപ്പെട്ടാൽ പിന്നെ അവർക്ക് നിലനിൽപ്പില്ല.

ലോകോത്തരസൃഷിടിയെന്നും ആദികാവ്യമെന്നുമൊക്കെ നിസംശയം പറയാവുന്ന ഇതിഹാസ കൃതി രാഷ്ട്രീയ ആയുധമാക്കി മാറ്റിയവരിൽ പലരും പിന്നീട് അതുപയോഗിച്ചു കിളിർത്തു, വളർന്നു, പടർന്നുപന്തലിച്ചു. ഉത്തമഭരണാധികാരിയും പ്രജാക്ഷേമ തല്പരനുമായ വാല്മീകിയുടെ രാമനിൽ നിന്നും ‘ഹിന്ദുവിന്റെ അഭിമാന സ്തംഭ‘മായ രാമക്ഷേത്രത്തിലെ രാമനിലെത്തുമ്പോൾ നമുക്ക് എന്തൊക്കെയോ നഷ്ടമാവുന്നു. രാമൻ ജീവിക്കുന്നത് രാമായണത്തിന്റെ വിവിധ വകഭേദങ്ങൾ പരിചയമുള്ള രാമായണത്തെ അറിഞ്ഞ മനുഷ്യരുടെ ഉള്ളിലാണ്. കല്ലിലും മണ്ണിലും മരത്തിലും തീർത്ത കെട്ടിടങ്ങളിലല്ല.

‘രാമൻ മുതൽ രാമക്ഷേത്രം വരെ‘യെന്ന ഈ പരമ്പര അവസാനിപ്പിക്കുമ്പോൾ എം.കെ.ഖരീം ‘എഴുതിയ ഇരയുടെ കരിയില നടത്തങ്ങൾ’ എന്ന നോവലിലെ ഒരു ഭാഗം അടയാളപ്പെടുത്തട്ടെ.

” അയാൾ ചോദിച്ചു. ‘അയോദ്ധ്യ എവിടേന്ന് അറിയോ?’

അയോധ്യയിൽ ഇരുന്നുകൊണ്ട് അയോദ്ധ്യ എവിടെയെന്നു ചോദിക്കുന്നതിൽ അപാകതയുണ്ട്. എന്നാൽ അത് വെറുമൊരു കിറുക്കായി തള്ളിക്കളയാനും വയ്യ!

‘അത് വാല്മീകിയുടെ ഹൃദയത്തിലാ സാബ്’ ”

അതെ, രാമൻ ജനിച്ചതും വളർന്നതും വാല്മീകിയുടെ ഹൃദയത്തിലാണ്. അവിടെ അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നു. രാമനിലൂടെ വാല്മീകിയും .

അവസാനിച്ചു.

 

അനീഷ് തകടിയിൽ

Leave a Reply

Your email address will not be published. Required fields are marked *