പറക്കാൻ കൊതിച്ച ചിറകുകൾ- ഭാഗം 9– നീണ്ടുപോകുന്ന ചോദ്യങ്ങൾ

ജീവിത യാതനകൾക്കൊടുവിൽ നരകിപ്പിച്ചുതന്നെ ജീവനെടുക്കുന്ന, ദുരിതത്തിന്റെ ബാക്കിപാത്രമായി ജീവിക്കുന്നവർക്ക് മുന്നിലേയ്ക്ക് ഒരു കൂട്ടം ചോദ്യങ്ങളുമായി പോകുന്നതിന്റെ അനൗചിത്യം നല്ല ബോധ്യമുണ്ടായിരുന്നു. വിശദമായി വിവരങ്ങൾ ശേഖരിക്കേണ്ടത് ശരിയായി കാര്യങ്ങൾ വിലയിരുത്തേണ്ടുന്നതിന് അത്യന്താപേക്ഷിതവുമായിരുന്നു. കാര്യങ്ങൾ നേരിട്ട് തന്നെ ചോദിച്ചറിയേണ്ടുന്നതിന്റെ ആവശ്യകത ആദ്യം തന്നെ അവരെ ബോധിപ്പിക്കാമെന്ന ആത്മവിശ്വാസത്തോടെ വിശദമായ ചോദ്യാവലി തയ്യാറാക്കുന്നതിനായി പിന്നത്തെ നീക്കം.

വിശദമായ പഠനം തന്നെ ഈ അവസരത്തിൽ നടത്തി. ഡോക്ടർമാരുടേതടക്കം ഇരുപതിൽപ്പരം പഠന റിപ്പോർട്ടുകൾ. അതിൻപ്രകാരം ആവശ്യമായ വിവരങ്ങളുടെ ലിസ്റ്റുണ്ടാക്കുകയാണ് ആദ്യം ചെയ്തത്. പിന്നെയാ വിവരങ്ങൾ ക്രോഡീകരിച്ചോരു ചോദ്യാവലി തയ്യാറാക്കി. ചോദ്യാവലിയിൽ വ്യക്തിപരമായ വിവരങ്ങൾക്കൊപ്പം സാമ്പത്തികവും സാമൂഹികവുമായ ചുറ്റുപാടുകളും കൂടെ ഉൾപ്പെടുത്താൻ തീരുമാനിച്ചത് വായിച്ചറിഞ്ഞ കാര്യങ്ങൾക്കപ്പുറം ഒരു പഠനത്തിനും ചൂണ്ടിക്കാട്ടാനാകാത്ത ചില അവഗണനകൾ ദുരിത ബാധിതർ അനുഭവിക്കുന്നുണ്ടെന്ന് തദ്ദേശീയനായ ഒരു സുഹൃത്ത് സംസാരമധ്യേ പറഞ്ഞത് മനസ്സിലുണ്ടായിരുന്നതുകൊണ്ടാണ്. ചോദ്യാവലിയിൽ ഒരുപാട് കൂട്ടിച്ചേർക്കലുകളുമായി ആ ഘട്ടം പുരോഗമിച്ചു. ഓരോ ചോദ്യങ്ങളുടെ വിശദശാംശങ്ങളിലേക്കെത്തുമ്പോഴും അത്തരം ചോദ്യങ്ങൾ അവരോടു ചോദിക്കേണ്ടിവരുന്നതിലെ  അസ്വസ്ഥത വളർന്നുകൊണ്ടിരുന്നു. ആ ഘട്ടത്തിൽ വളരെ വലുതായൊരു മാനസ്സിക സംഘർഷം തന്നെ അനുഭവിച്ചിരുന്നു.

ആദ്യ പടിയെന്ന നിലയിൽ പൂർത്തിയാക്കിയ ചോദ്യാവലിയുടെ നൂറുകോപ്പി മാത്രം കൈയ്യിൽക്കരുത്തി, അതിലുള്ളതിനേക്കാൾ ഇരട്ടി ചോദ്യങ്ങൾ മനസ്സിലവശേഷിപ്പിച്ച്‌ ഞങ്ങൾ കാസറഗോഡിന് പുറപ്പെട്ടു. സർവ്വേ എവിടെത്തുടങ്ങണമെന്ന് വ്യക്തമായ ധാരണയില്ലാത്ത ഒരു യാത്രയായിരുന്നു അത്. സ്നേഹമുദ്ര അംഗങ്ങളുടെ അപൂർവ്വം മുൻപരിചയങ്ങളൊഴിച്ചാൽ സ്ഥലപരിചയമുള്ള ആരും ആശ്രയിക്കാവുന്നതായി ഉണ്ടായിരുന്നില്ല.അതൊന്നും തന്നെ അപ്പോഴൊരു പ്രതിസന്ധിയായി തോന്നിയിരുന്നുമില്ല. അതിനു തൊട്ടു മുൻപ് നടന്ന സംസ്ഥാന സമ്മേളന വേദിയിൽ വച്ച് അതിന്റെ സംഘാടകർ വാഗ്ദാനം ചെയ്തിരുന്ന സഹകരണവും എന്തുകൊണ്ടോ പിന്നെയുണ്ടായില്ല. ഇത്തരമൊരു പ്രവർത്തനവുമായി മുന്നോട്ടു പോകുന്നതിനു ഒരു തരത്തിലുള്ള നിസ്സഹരണവും തടസ്സമായി അനുഭവപ്പെട്ടില്ല. എല്ലാ അപര്യാപ്തതകളോടെയും കുറവുകളോടെയും ഞങ്ങൾ സർവ്വെ ആരംഭിച്ചു.
(തുടരും )

ബിന്ദു ഹരികൃഷ്ണൻ

Leave a Reply

Your email address will not be published. Required fields are marked *