വിസ്മയിപ്പിച്ച് രാമക്കൽമേട്‌.

പരുന്തുംപാറയുടെ മനോഹര ദൃശ്യങ്ങൾ ഓർത്തുള്ള സുന്ദരനിദ്ര. ഇന്ന് യാത്ര രാമക്കൽമേട്ടിലേക്കാണ്. കുറവൻ കുറത്തി മലകളെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും ആദ്യമായി അവരെ കാണാൻ പോകുന്നു. യാത്രയിലെ ചർച്ചകളിൽ മുഴുവൻ പരുന്തുംപാറയായിരുന്നു. അത്യാവശ്യം നല്ല റോഡ്. ഒരു ഗ്രാമത്തിലൂടെയുള്ള യാത്ര. കാലിവളർത്തലും കൃഷിയും ഉപജീവനമാർഗമാക്കിയ മനുഷ്യരുടെ മണ്ണിലൂടെ രാമക്കൽമേട്ടിലേക്ക്. യാത്രക്കിടയിൽ വിദേശിയായ ഒരു സ്വദേശിക്ക് ഗോമാതാവിനെ വണങ്ങണം എന്നൊരു ആഗ്രഹം. അതു മാത്രമല്ല വണങ്ങുന്നത് പടവും പിടിക്കണം. വെള്ളയും കറുപ്പും ചേർന്ന ഒരു സുന്ദരി ഗോമാതാവിനെ പുള്ളിക്കാരൻ തൊഴുതു. പടവും പിടിച്ചു. രാമക്കല്‍മേട് 3 കിലോമീറ്റര്‍ എന്ന ബോര്‍ഡ് കണ്ട് ഇടത്തോട്ടു തിരിഞ്ഞ് നേരെ കുറവനും കുറത്തിക്കുമരികിലേക്ക് വിനോദ സഞ്ചാരികൾക്ക് താമസിക്കാനായി ഒരു വലിയ ഹോട്ടൽ. പിന്നെ കുറെ ചെറിയ കടകൾ. സൂര്യൻ തലയ്ക്കു മുകളിൽ നിന്നും നന്നായി പണിതന്നു. നല്ല ചൂട്. കുറവനെയും കുറത്തിയെയും ഒന്നു പോയി മുഖം കാണിച്ചു. പിന്നെ നേരെ രാമക്കൽമേടിന്റെ സ്വർഗ്ഗ വാതിൽ തുറന്ന് മുകളിലേക്ക്. മുളം കാടുകൾക്കിടയിലൂടെ നടന്ന് കുറ്റിക്കാടുകൾ കടന്ന് രാമക്കൽമേട്‌ മലനിരയുടെ മടിയിലെത്തി. ദൂരെ കാറ്റാടിപ്പാടങ്ങൾ. മണിക്കൂറിൽ ശരാശരി 32.5 കിലോമീറ്ററിൽ കാറ്റുവീശാറുള്ള രാമക്കൽമേട്‌ കാറ്റിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന വിൻഡ് എനർജി ഫാമിന്റെ കേരളത്തിലെ രണ്ടാമത്തെ സ്ഥലമാണ്. ശക്തിയായുള്ള കാറ്റ് രാമക്കൽമേടിന്റെ ശിരസ്സിൽ തൊടാനുള്ള ആവേശം ഉയർത്തിക്കൊണ്ടേയിരുന്നു. കാറ്റിനെ തള്ളിമാറ്റി മുകളിലേക്ക് ഓടിക്കയറി. ആവേശത്തിൽ മുകളിലെത്തിയെങ്കിലും നന്നേ തളർന്നു. പക്ഷെ ആ തളർച്ച ചുറ്റുമൊന്ന് നോക്കിയപ്പോൾ ശൂന്യമായിപ്പോയി. കുറവനെയും കുറത്തിയെയും താഴെ നിന്ന് ഞങ്ങൾ മുകളിലേക്ക് നോക്കിയപ്പോൾ രാമക്കൽമേടിന്റെ മുകളിൽ ഞങ്ങളെത്തിയപ്പോൾ അവർ രണ്ടാളും ഞങ്ങളെ തലയുയർത്തി നോക്കി. ചെറിയൊരു തലക്കനം ഞങ്ങളും കാണിച്ചു. ആദ്യമായി ഞങ്ങളെ മുകളിൽ കാണുന്നതുകൊണ്ട് പുള്ളിക്കാരൻ ചെറുതായി ഒന്നു ഭയപ്പെടുത്തി. പിന്നെപ്പിന്നെ ഞങ്ങളെ തഴുകുന്ന തണുത്ത കാറ്റ് അടുത്തേക്കെത്തി. മലയുടെ മുകളിൽ നിന്നാൽ തമിഴ്നാടിന്റെ കൃഷിയിടങ്ങൾ സുന്ദരമായി കാണാം. മൺചട്ടിയിൽ വീണ ഇലകൾ പോലെ മരങ്ങൾ. ഉഴുതുമറിച്ചിട്ടിരിക്കുന്ന പടങ്ങൾ. സമാന്തര സർവീസ് എന്നവണ്ണം കാറ്റ് മഞ്ഞിൻ കൂട്ടങ്ങളെ അങ്ങോട്ടുമിങ്ങോട്ടും കൊണ്ടുനടക്കുന്നു. ഇടയ്ക്കു കയറിവന്ന അതിഥിയെന്നപോലെ പൊടിക്കാറ്റും കടന്നുപോയി. പാറയിൽ മുറുകെ പിടിച്ചില്ലെങ്കിൽ കാറ്റിനൊപ്പം പറന്നു നടക്കേണ്ടി വരും. പിന്നെ മലയാളിയുടെ തനിക്കൊണം എന്നൊക്കെപ്പറയുമ്പോലെ രാമക്കൽമേടിന്റെ ശിരസ്സിൽ ചവിട്ടി ഒന്ന് ഉറക്കെ കൂവി. നോക്കിയപ്പോൾ അതേപടി തിരിച്ചും ഒരു കൂവൽ. വീണ്ടും കൂവി. അതും തിരിച്ചുവന്നു. എക്കോ അല്ല കേട്ടോ വശത്തെ മറ്റൊരു പാറയിൽ നിന്നും പയ്യൻസ് കൂവി ഉത്തരം തന്നതാണ്. യാത്രയിൽ മഴ എപ്പോഴും കൂടെക്കാണും. പരുന്തുംപാറയിൽ മഴയുണ്ടായിരുന്നു. പക്ഷെ കാറിനുള്ളിലിരുന്ന് മഴ കണ്ടതിന്റെ വാശിതീർത്തതായിരിക്കും മലമുകളിൽ നിന്ന് നന്നായി മഴ കൊണ്ടു. മുന്നിലെ പാടങ്ങളുടെ നിരകൾക്കിടയിലൂടെ മഴ ഒഴുകി നടന്നു. ഇടുക്കി അത്ഭുതങ്ങൾ നിറഞ്ഞവളാണെന്നുള്ള വാദം ശരിവയ്ക്കുന്നു.

ത്രേതായുഗകാലത്ത് സീതയെ അന്വേഷിച്ച് ശ്രീലങ്കയ്ക്കുള്ള ശ്രീരാമന്റെ യാത്രാമധ്യേ ഈ മേടിൽ ഇറങ്ങിയെന്നാണ് ഐതിഹ്യം. സേതുബന്ധനത്തിനായ് രാമേശ്വരം തിരഞ്ഞെടുത്തത് ഇവിടെ വെച്ചായിരുന്നുവത്രേ. ശ്രീരാമന്റെ പാദങ്ങൾ പതിഞ്ഞതിനാലാണ് ഈ സ്ഥലത്തതിന് രാമക്കൽമേട് എന്ന പേര് വന്നത്. മറ്റൊരു ഐതിഹ്യം മേടിന് മുകളിലെ ‘കല്ലുമ്മേൽ കല്ലു’മായി ബന്ധപ്പെട്ടതാണ്. വനവാസകാലത്ത് പാണ്ഡവൻമാർ ഇവിടെ വന്നപ്പോൾ, ദ്രൗപതിക്ക് മുറുക്കാൻ ഇടിച്ചു കൊടുക്കാൻ ഭീമസേനൻ ഉപയോഗിച്ചതാണ് ആ കല്ല് എന്നുമാണത്.

തേക്കടിയിൽ നിന്നും 43 കിലോമീറ്റർ ദൂരത്താണ് രാമക്കൽമേട്. കട്ടപ്പനയിൽ നിന്നും 20 കിലോമീറ്ററും മൂന്നാറിൽ നിന്നും 70 കിലോമീറ്റർ ദൂരവും രാമക്കൽ മേട്ടിലേക്കുണ്ട്.

അനൂപ് നെടുവേലി

Leave a Reply

Your email address will not be published. Required fields are marked *