മണ്ണിര കമ്പോസ്റ്റ് — രണ്ടാം ഭാഗം

കമ്പോസ്റ്റ് ശേഖരിക്കുന്ന രീതി

കമ്പോസ്റ്റ് മാറ്റാൻ ഉദ്ദേശിക്കുന്നതിന് 4 -5 ദിവസം മുൻപായി നനയ്ക്കുന്നത് നിർത്തണം. ശേഷം കമ്പോസ്റ്റ് വാരി അധികം വെയിൽ ഇല്ലാത്തതും പ്രകാശം അരിച്ചിറങ്ങുന്നതുമായ സ്ഥലത്ത് കൂനയായി വയ്ക്കുക. മണ്ണിരകൾ കൂനയുടെ അടിയിലേക്ക് പോകും. അപ്പോൾ മുകളിൽനിന്നും കമ്പോസ്റ്റ് മാറ്റി തണലിൽ ഉണക്കി അരിച്ച് പ്ലാസ്റ്റിക് ചാക്കിൽ കെട്ടി സൂക്ഷിക്കുക. വേർതിരിക്കുന്ന മണ്ണിരയും കൊക്കൂണുകളും മുട്ടയും വീണ്ടും കമ്പോസ്റ്റ് കുഴിയിൽ നിക്ഷേപിക്കുക.
ഉപയോഗശൂന്യമായ ഭക്ഷണ പദാർഥങ്ങൾ , ചോറ്, മീൻ, ഇറച്ചി മുതലായവ ഒരുകാരണവശാലും ജൈവവസ്തുക്കളുടെ മുകളിൽ നിക്ഷേപിക്കുവാൻ പാടില്ല. മറിച്ചു് നിക്ഷേപിച്ച ജൈവവസ്തുക്കൾക്കിടയിൽ ഒരു ചെറു ചാലെടുത്ത് നിക്ഷേപിച്ചു് വീണ്ടും അതേ ജൈവവസ്തുക്കൾ കൊണ്ട് മൂടണം.

മണ്ണിര കമ്പോസ്റ്റിന്റെ ഗുണങ്ങൾ

1. ചെടികൾക്കും സൂഷ്മാണുക്കൾക്കും വേഗത്തിൽ ആഗിരണം ചെയ്യാവുന്ന രൂപത്തിലാണ് പോഷകമൂല്യങ്ങൾ അടങ്ങിയിട്ടുള്ളത്.
2. എൻസൈമുകൾ, ആന്റിബയോട്ടിക്കുകൾ , ഹോർമോണുകൾ, വിറ്റാമിനുകൾ എന്നിവ കൊണ്ട് സമൃദ്ധമാണ്.
3. മണ്ണിര പുറന്തള്ളുന്ന അവശിഷ്ടങ്ങൾ അതിന്റെ ആന്തരികാവയവങ്ങളിൽ ഉള്ള അസോസ്പൈറില്ലം എന്ന നൈട്രജൻ നിക്ഷേപ ശേഷിയുള്ള ജീവാണുക്കളാൽ സമ്പന്നമാണ്. മണ്ണിലെ ഫോസ്ഫറസ് സംയുക്തങ്ങളെ ലയിപ്പിക്കുന്നതും ജൈവാവശിഷ്ടങ്ങളിലെ സെല്ലുലോസിനെ വിഘടിപ്പിക്കുന്നതുമായ സൂക്ഷ്മാണുക്കൾ മണ്ണിര കമ്പോസ്റ്റിലുണ്ട്.
4. അമ്ല ഗുണമുള്ള മണ്ണിൽ, മണ്ണിര കമ്പോസ്റ് (പി. എച്ച് 7-8 ഇടയിൽ ) ഏറെ അനുയോജ്യമാണ് .
5. മണ്ണിലെ സൂക്ഷ്മ ജീവികളുടെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുവാൻ സഹായിക്കുന്നു.
6. മണ്ണിലെ വായു സഞ്ചാരവും ജലസംഭരണ ശേഷിയും വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു.

സ്വസ്ഥാന മണ്ണിര കമ്പോസ്റ്റിംഗ്.

പുരയിടങ്ങളിൽ നേരിട്ട് കമ്പോസ്റ്റ് ഉണ്ടാക്കുവാൻ തെങ്ങ്, കമുക്, ജാതി, വാഴ എന്നിവയ്ക്ക് ചുറ്റും ജൈവാവശിഷ്ടങ്ങൾ ചാണകവുമായി കലർത്തിയ മിശ്രിതം ഇട്ടു നനച്ച ശേഷം മണ്ണിരയെ നിക്ഷേപിക്കാം. ഒന്നിടവിട്ട ദിവസങ്ങളിൽ നനച്ചു കൊടുക്കണം. ഓലത്തുമ്പു കൊണ്ട് മൂടുകയും വേണം. ജൈവാവശിഷ്ടങ്ങൾ കമ്പോസ്റ്റിനായി മാറ്റുന്നതനുസരിച്ച് വീണ്ടും നേരിയ കനത്തിൽ അവശിഷ്ടങ്ങൾ ചേർക്കാം. രാസവളങ്ങൾ ഉപയോഗിക്കുമ്പോൾ ഇവ നീക്കം ചെയ്യണം. ശേഷം 5 – 7 ദിവസം കഴിഞ്ഞ് മാത്രമേ മണ്ണിരയെ വീണ്ടും തടത്തിലിടാവൂ.

അടുക്കള കമ്പോസ്റ്റ്

പഴം പച്ചക്കറി കടകളിൽ കിട്ടുന്ന ഇടത്തരം വീഞ്ഞപെട്ടി ഇതിനായി ഉപയോഗിക്കാം. പെട്ടിയുടെ അടിയിലായി വളരെ ചെറിയ സുഷിരങ്ങൾ ഇട്ട് ഒരു പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച ശേഷം 3 സെ.മീ. കനത്തിൽ ചരലോ മണലോ നിരത്തുക. ശേഷം അതിനു മുകളിലായി 5 സെ.മീ. കനത്തിൽ ചകിരി നിരത്തുക. ചകിരിയും മണലും നന്നായി നനച്ച ശേഷം മണ്ണിരയെ നിക്ഷേപിക്കാം. (250 മണ്ണിര ഒരു പെട്ടിക്ക് എന്ന തോതിൽ) ഇതിനു ശേഷം അടുക്കളയിലെ നിത്യേനയുള്ള അവശിഷ്ടങ്ങൾ നേരിയ കനത്തിൽ ഇതിൽ നിക്ഷേപിച്ചു തുടങ്ങാം. അല്പം ചാണകം ഇട്ടുകൊടുക്കുന്നത് നല്ലതായിരിക്കും. കരിയിലയും കടലാസ്സുമൊക്കെ ഇടയ്ക്കു ഇട്ടുകൊടുക്കുന്നത് വായു സഞ്ചാരം കൂട്ടും. ഒരു ചണ ചാക്ക് വിരിച്ചശേഷം ഇടുക. കമ്പി വല പുറത്തിട്ടാൽ എലി ശല്യം ഒഴിവാകും. ജൈവാവശിഷ്ടം നിറഞ്ഞു കഴിഞ്ഞാൽ 3-4 ആഴ്ച അനക്കാതെ വയ്ക്കുക. ജൈവാവശിഷ്ടങ്ങൾ നല്ല കറുപ്പു നിറമുള്ള കമ്പോസ്റ്റായി മാറും. പ്രകാശമുള്ള സ്ഥലത്ത് വച്ചാൽ മണ്ണിരകൾ അടിയിലേയ്ക്ക് പോകും. മീതെയുള്ള കമ്പോസ്റ്റ് മാറ്റിയശേഷം വീണ്ടും കമ്പോസ്റ്റിംഗ് ആരംഭിക്കാം.

ഉപയോഗരീതി

മണ്ണിൽ ഈർപ്പമുള്ള ഏതു സ്ഥലത്തും വളപ്രയോഗം നടത്താവുന്നതാണ്. അടിസ്ഥാന വളമായി കൂടുതൽ കമ്പോസ്റ്റ് ഇടുക. പുഷ്പിച്ചതിനു ശേഷം പൂർണ്ണമായി ഒഴിവാക്കുക.
നെല്ല് – 2.5 t /ha
തെങ്ങ് – 15 -20 കി.ഗ്രാം/ ഒരു തെങ്ങിന്
കമുക് – 5 – 10 കി.ഗ്രാം / ഒരു കമുകിന്
വാഴ – 5 കി.ഗ്രാം / ഒരു വാഴയ്ക്ക്
പച്ചക്കറി – 50 കി.ഗ്രാം / സെന്റ് (അടിവളം), 4 കി.ഗ്രാം / സെന്റ് (മേൽവളം)
ഗ്രോബാഗിലെ പച്ചക്കറി – 100 ഗ്രാം(അടിവളം), 50 – 100 ഗ്രാം (മേൽവളം)

മണ്ണിര സത്ത് / വെർമി വാഷ്

2 – 4 കിലോഗ്രാം മണ്ണിര കമ്പോസ്റ്റ് ഒന്നര രണ്ടു ദിവസം കുതിർത്തു വയ്ക്കുക. ശേഷം അത് പിഴിഞ്ഞ് എടുത്താൽ കട്ടൻ ചായയുടെ നിറമുള്ള ദ്രാവകം ലഭിക്കും. ഇത് നേർപ്പിച്ചു് (5 – 8 ഇരട്ടി വെള്ളം ) ചെടികളിൽ തളിക്കാവുന്നതാണ്.

സമ്പുഷ്ട മണ്ണിര കമ്പോസ്റ്റ്

100 കിലോ മണ്ണിര കമ്പോസ്റ്റിന് 1 -2 കിലോ ട്രൈക്കോഡെർമ/ സ്യൂഡോമോണാസ് / പി.ജി.പി.ആർ.മിക്സ് 1 ചേർത്ത്‌ ഉപയോഗിക്കാവുന്നതാണ്.

തയ്യാറാക്കിയത് ,
ഡോ. പൂർണ്ണിമാ യാദവ് പി.ഐ ,
മനു സി. ആർ ,
ഡോ . നോബിൾ എബ്രഹാം
കൃഷി വിജ്ഞാന കേന്ദ്രം, കൊല്ലം, സദാനന്ദപുരം , കൊട്ടാരക്കര.

Leave a Reply

Your email address will not be published. Required fields are marked *